സ്വന്തം ലേഖിക
തിരുവനന്തപുരം: ഓണമായിട്ടും ബില്ലുകൾ മാറിക്കിട്ടാത്തതിനേത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌കരിക്കാനൊരുങ്ങി കരാറുകാർ. സംസ്ഥാനം നീങ്ങുന്നത് വികസനസ്തംഭനത്തിലേക്ക്. മാസങ്ങളായി നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 10 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറികൊടുത്താൽ മതിയെന്നായിരുന്നു ട്രഷറികൾക്കു നൽകിയിരുന്ന നിർദേശം.
ഇതിനിടെയാണ് ഇനി അറിയിപ്പുണ്ടാകുന്നതുവരെ കരാറുകാരുടെയും മറ്റ് അക്രഡിറ്റഡ് ഏജൻസികളുടെയും ബില്ലുകൾ മാറി നൽകേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞാഴ്ച ധനവകുപ്പ് പുറത്തിറക്കിയത്. മാർച്ചുമുതൽ ബില്ലുകൾ മുടങ്ങുന്നുവെന്നാണ് കരാറുകാരുടെ പരാതി. 10 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറിക്കൊടുത്താൽ മതിയെന്ന നിർദേശമുണ്ടായിരുന്നതുകൊണ്ടുതന്നെ പല സ്ഥാപനങ്ങൾക്കും ബില്ല് മാറാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഇത് അഞ്ചുലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തികൾക്ക് കരാറുകാർക്ക് 600 കോടിയോളം രൂപ കുടിശികയായി നൽകാനുണ്ടെന്നാണ് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. അതുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌ക്കരിക്കാനും പുതിയ പദ്ധതികളിലെ ടെൻഡറിൽ പങ്കാളിയാകേണ്ടെന്നുമാണ് ഇവരുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിലെ കരാറുകാർക്കും വൻതുക കുടിശിക നൽകാനുണ്ട്.
അവർക്ക് ബാങ്കുകളിൽനിന്നു ഡിസ്‌ക്കൗണ്ട് സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. ആവശ്യമായ തുക ബാങ്കുകൾ നൽകുകയും ആ പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകുകയും ചെയ്യുന്നതായിരുന്നു ഈ രീതി. എന്നാൽ നിരന്തരം ചെക്കുകൾ മാറാൻ കഴിയാതെ വന്നതോടെ ആ ആനുകൂല്യവും ഇല്ലാതാകുന്നുവെന്നാണ് കരാറുകാർ പറയുന്നത്.
കിഫ്ബിയുടെ നേതൃത്വത്തിലുള്ള പദ്ധതികൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇവ പ്രത്യേക ഏജൻസികൾ ഏറ്റെടുത്ത് നടത്തി പൂർത്തിയായാലുടൻ തന്നെ കിഫ്ബി പണം നൽകുന്ന തരത്തിലുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബജറ്റിന് പുറത്തുള്ള പദ്ധതികളാണ് ഇവ. കരാറുകാരുടെ നിസഹരണത്തോടെ പ്രതിസന്ധിയിലാകുന്നത് ബജറ്റിൽ പ്രഖ്യാപിച്ചവയും.
ബജറ്റ് നേരത്തേ പാസാക്കി പദ്ധതിക്ക് അംഗീകാരം നൽകിയത് നടത്തിപ്പിന്റെ വേഗം കൂട്ടാനാണ്. മൊത്തം 39,782.17 കോടി രൂപയുടേതായി സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ വാർഷികപദ്ധതിയാണ് ഇക്കുറി. എന്നാൽ സാമ്ബത്തികവർഷം ആരംഭിച്ച് അഞ്ചുമാസമായിട്ടും ഇതുവരെ പൂർത്തീകരിക്കാനായത് 16.5% മാത്രം.
വരുംമാസങ്ങൾ വേഗമേറേണ്ടതാണെങ്കിലും സാമ്പത്തികപ്രതിസന്ധി വലിയ വെല്ലുവിളിയാകും. ഓണത്തിന് ക്ഷേമപെൻഷൻ, ശമ്ബളം, പെൻഷൻ, ഉത്സവബത്ത, ബോണസ്, അഡ്വാൻസ് തുടങ്ങി എല്ലാം കൂടി 10,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിച്ചത്. എന്നാൽ അതനുസരിച്ചുള്ള വരുമാനവർധനയില്ല. ഇക്കുറിയും പ്രളയമെത്തിയതോടെ പ്രതിസന്ധി വളരെ ഗുരുരമാകും. രാജ്യത്തെ സമ്പദ്വ്യവ്സഥയിൽ പൊതുവിലുള്ള മാന്ദ്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.