play-sharp-fill
പൗരത്വ ബില്ലിനെച്ചൊല്ലി തിരുവല്ലയിൽ സി പി എം – ബി ജെ പി ഏറ്റുമുട്ടൽ: അഞ്ചു വീടും മൂന്നു വാഹനങ്ങളും തകർത്തു

പൗരത്വ ബില്ലിനെച്ചൊല്ലി തിരുവല്ലയിൽ സി പി എം – ബി ജെ പി ഏറ്റുമുട്ടൽ: അഞ്ചു വീടും മൂന്നു വാഹനങ്ങളും തകർത്തു

ക്രൈം ഡെസ്ക്

തിരുവല്ല: തിരുവല്ലയിൽ പൗരത്വ ബില്ലിനെച്ചൊല്ലി സി പി എമ്മും ബി ജെ പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് തുകലശേരിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം പടരുന്നത് തടയാന്‍ കരുതലോടെയാണ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കത്തി കാളുന്ന സാഹചര്യത്തിലാണ് ഇത്. തിരുവല്ലയിലെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 5 വീടുകളും 3 വാഹനങ്ങളും തകര്‍ത്തിരുന്നു. 6 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് അക്രമസംഭവങ്ങൾ ആരംഭിച്ചത്. മുന്‍ സംഭവങ്ങളുടെ തുടര്‍ച്ചയാണ് അക്രമമെന്നു പൊലീസ് പറഞ്ഞു.


തിരുവല്ല തുകലശ്ശേരി പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പാതിരാത്രിയില്‍ സിപിഎം. – ബിജെപി തമ്മില്‍ വീടുകയറി ആക്രമണം നടത്തിയത്. ഇരു കൂട്ടരും തമ്മില്‍ രണ്ടു മണിക്കൂറിലേറെ നടത്തിയ ആക്രമണ പരമ്പരയില്‍ നടുങ്ങി പ്രദേശവാസികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണ പരമ്പരയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. രണ്ട് വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു ആക്രമണ പരമ്പര അരങ്ങേറിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി തുകലശ്ശേരി മൂത്തമശ്ശേരില്‍ വീട്ടില്‍ സുനില്‍കുമാര്‍ (36), വളഞ്ചേരില്‍ വീട്ടില്‍ ജിനീഷ് കുമാര്‍ (37), പടിഞ്ഞാറേ വളഞ്ചേരില്‍ വീട്ടില്‍ ദീപു (25) , ബിജെപി പ്രവര്‍ത്തകരായ മതില്‍ഭാഗം പോളേകാട്ട് വാസുദേവം വീട്ടില്‍ വിഷ്ണു (20), വെണ്‍പാല പനച്ചിമൂട്ടില്‍ വീട്ടില്‍ പ്രജാഭരതന്‍ (32), തുകലശ്ശേരി കൊട്ടാരംപാട്ട് വീട്ടില്‍ മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി തുകലശേരി മൂത്തമശേരില്‍ സുനില്‍കുമാറിന്റെ വീടും ഓട്ടോടാക്‌സിയും, സമീപവീട്ടിലെ കാര്‍, സിപിഎം പ്രവര്‍ത്തകനായ ചുങ്കത്തിലായ ചിറപ്പാട്ടില്‍ റോഷന്റെ വീട്, ബിജെപി പ്രവര്‍ത്തകരായ മൂത്തമശേരില്‍ സദാനന്ദന്‍നായര്‍, കൊട്ടാരപ്പാട്ട് ഉണ്ണിക്കൃഷ്ണന്‍, ചേരാനല്ലൂര്‍ ചുങ്കത്തില്‍ വാസുവാചാരി എന്നിവരുടെ വീടുകളുമാണ് തകര്‍ത്തത്. സദാനന്ദന്‍നായരുടെ വീട്ടിലിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മതില്‍ഭാഗത്തു വച്ച്‌ സിപിഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തുകലശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ആക്രമിച്ചു.

10 മണിയോടെ ബിജെപി പ്രവര്‍ത്തകര്‍ റോഷന്റെ വീടാക്രമിച്ചു. സിപിഎം പ്രവര്‍ത്തകര്‍ പത്തരയോടെ സദാനന്ദന്റെയും ഉണ്ണികകൃഷ്ണന്റെയും വാസുവാചാരിയുടെയും വീടാക്രമിച്ചു. 12 മണിക്കാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാറിന്റെ വീടിനു നേരെ ആക്രമണം നടന്നത്. ഇയാള്‍ ഓടിക്കുന്ന ഓട്ടോടാക്‌സിയും തല്ലിത്തകര്‍ത്തു. സമീപത്തെ വീട്ടില്‍ ഇട്ടിരുന്ന കാറും തല്ലിത്തകര്‍ത്തു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുഭാഗത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ മതില്‍ഭാഗം ജംഗ്ഷനില്‍ വെച്ച്‌ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷമാണ് വീട് കയറിയുള്ള അക്രമണത്തില്‍ കലാശിച്ചത്.

സിപിഎം. പ്രവര്‍ത്തകനായ തുകലശ്ശേരി ചുങ്കത്തിലായ ചിറപ്പാട്ടില്‍ റോഷന്റെ വീടിനു നേരേ രാത്രി 11 മണിയോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. ഇതിനു തുടര്‍ച്ചയായി ബിജെപി. പ്രവര്‍ത്തകനായ തുകലശ്ശേരി മൂത്തമശ്ശേരില്‍ അഖില്‍ എസ്. നായരുടെ വീടിന്റെ കതകും ജനലും 11.30 ഓടെ തകര്‍ത്തു.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. പൊലീസ് സംഘം പിന്‍ വാങ്ങിയതോടെ രാത്രി 12 മണിയോടെ മടങ്ങിയെത്തിയ അക്രമി സംഘം അഖിലിന്റ വീടിനു മുമ്പിലിരുന്ന സ്‌കൂട്ടറിന് തീയിട്ടു. ഇതിന്റെ പ്രതികാരമെന്നോണം ബിജെപി സംഘം സി .പി.എം. പ്രവര്‍ത്തകരായ മൂത്തമശ്ശേരില്‍ സുനില്‍കുമാറിന്റെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്ത് കിടന്നിരുന്ന ഒട്ടോ ടാക്സിയുടെ ഗ്ലാസുകള്‍ അടച്ചു തകര്‍ത്ത് തീയിടുകയും ചെയ്തു. സമീപവാസിയും സി പി എം അനുഭാവിയുമായ നാറാണത്തേട്ട് വീട്ടില്‍ വിഷ്ണു ശ്രീനിവാസന്റെ കാറും അക്രമി സംഘം തകര്‍ത്തു.

ബിജെപി. പ്രവര്‍ത്തകരായ കൊട്ടാരംപാട്ട് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍, ചേരാനല്ലൂര്‍ ചുങ്കത്തില്‍ വീട്ടില്‍ വാസു ആശാരി എന്നിവരുടെ വീടുകള്‍ക്കു നേരെയും രാത്രി ഒന്നരയോടെ ആക്രമണം ഉണ്ടായി. രാത്രി രണ്ടു മണിയോടെ സമീപ പൊലീസ് സ്റ്റേഷനുകളില്‍ നിന്നടക്കം കൂടുതല്‍ പൊലീസുകാരെ സ്ഥലത്തെത്തിച്ചതോടെയാണ് രണ്ടു മണിക്കൂറിലേറെ നേരം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെന്നോണം പ്രദേശത്തും സമീപ ഭാഗങ്ങളിലും വന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.