ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷം: പൂജപ്പുരയിലെ കറക്ഷൻ സെന്ററിൽ ഇനി താമസിക്കാം; ശിക്ഷിച്ചത് കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി

ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷം: പൂജപ്പുരയിലെ കറക്ഷൻ സെന്ററിൽ ഇനി താമസിക്കാം; ശിക്ഷിച്ചത് കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി

സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ പൊലീസ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷ. 2016 ൽ മോഷണം നടക്കുന്ന സമയത്ത് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന രാമപുരം സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. തിരുവനന്തപുരത്തെ കറക്ഷൻ സെന്ററിൽ ഇനി ഒൻപത് മാസം കഴിയാം. എന്നാൽ, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട പൂജപ്പുരയിലെ കറക്ഷൻ ഹോമിൽ കഴിയുന്നതിനാൽ ഇതിനോട് ചേർന്ന് മാത്രം ശ്ിക്ഷ അനുഭവിച്ചാൽ മതിയാകും.
പാലാ നഗരസഭ പരിധിയിലെ വീട്ടിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കുട്ടി നാട് വിടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടിയെയും ബൈക്കിനെയും തൊടുപുഴ ഭാഗത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം പിടികൂടി. ഇവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, ബൈക്ക് മോഷണം പോയതിനു നേരത്തെ തന്നെ പാലായിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് കുട്ടിയെ പാലാ പൊലീസിനു കൈമാറി. പാലാ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരുവഞ്ചൂർ ജുവനൈൽ ഹോമിലാണ് വിചാരണ നടന്നത്. ബൈക്ക് മോഷണം അടക്കം അഞ്ചു കേസുകളിൽ കൂടി ഇയാൾ പ്രതിയാണ്. പ്രോസിക്യൂഷനു വേണ്ടി അസി.പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ കോടതിയിൽ ഹാജരായി.