നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിൽ പെണ് സുഹൃത്തിനൊപ്പം വിലസി കുട്ടി റൈഡര്‍; ഉടമയെ തപ്പി വെള്ളം കുടിച്ച് എംവിഡി; ഒടുവില്‍ റൈഡര്‍ പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി: നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി റൈഡറെ വീട്ടിലെത്തി പിടികൂടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.
കുട്ടമശ്ശേരി സ്വദേശിയായ കുട്ടിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ് സുഹൃത്തുമായി വിലസുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ബൈക്കിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന് നമ്പര്‍ കണ്ട ഉദ്യോഗസ്ഥര്‍ അന്വേഷണം ആ വഴിക്ക് നീക്കി.
രജിസ്ട്രേഷന് നമ്പര്‍ വഴി എംവിഡി ഉടമയെ കണ്ടുപിടിച്ചു. എന്നാല്‍ വമ്പന്‍ ട്വിസ്റ്റ് അപ്പോഴായിരുന്നു.
ബൈക്ക് എന്നേ വിറ്റ് പോയതാണെന്ന് ഉടമ അറിയിച്ചു. കൂട്ടത്തില്‍ പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്തു.
പിന്നീടുള്ള അന്വേഷണത്തില്‍ നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി.
അതില്‍ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി വഴിയാണ് ഇപ്പോഴത്തെ ഉടമയെ കണ്ടത്തിയത്.
ഇപ്പോള്‍ വാഹനം സ്വന്തമായിട്ടുള്ളയാളുടെ അനുജന്റെ സുഹൃത്താണ് എംവിഡി പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെത്തി കുട്ടി റൈഡറെ പിടികൂടുകയായിരുന്നു.
സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത് എന്നാണ് വിവരം. കുട്ടി റൈഡര്‍ക്കെതിരെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.