സാറ് പോ , ഞങ്ങൾ കോടതിയിൽ കണ്ടോളാം..! പുതുക്കിയ പിഴ അടയ്ക്കാൻ തയ്യാറാകാതെ യാത്രക്കാർ; ആകെ വലഞ്ഞ് മോട്ടോർ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി അനുസരിച്ച് പിഴ ഈടാക്കാൻ തുടങ്ങിയതോടെ പുലിവാൽ പിടിച്ചത് പൊലീസും മോട്ടോർ വാഹന വകുപ്പും. പിഴ തുക അടയ്ക്കാൻ തയ്യാറാകാത്ത യാത്രക്കാർ നോട്ടീസ് തന്നോളൂ കോടതിയിൽ കാണാം എന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കഴിഞ്ഞ ദിവസം പിടിയിലായവരില്‍ നല്ലൊരു പങ്കും പണം നല്‍കാന്‍ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോയി.

മുന്‍പു തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ പിഴ നല്‍കി പോയിരുന്നവര്‍‌ ഇപ്പോള്‍‌ പിഴ 1000 രൂപയായതോടെ കോടതിയില്‍ വച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേയ്ക്ക് പോയാൽ സർക്കാരിനും ഇത് ഇരട്ടി ചിലവാണ്. പ്രതിയായ ആൾക്ക് സമൻസ് അയക്കണം, കോടതിയിൽ കേസ് നടത്തണം , ഇനി പ്രതിയെങ്ങാനും ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യണം. ഇങ്ങനെ പോകുന്നു നടപടികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ , കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല.

ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫിസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല. 2 വര്‍ഷമായി മൊബൈല്‍ കോടതികള്‍ നിര്‍ത്തലാക്കിയതും ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായി.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചു പിടിയിലാകുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഡിജിറ്റല്‍ ക്യാമറകള്‍ ഇല്ലാത്തതിനാല്‍ പോലീസിനും മോട്ടര്‍ വകുപ്പിനും ലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും കഴിയുന്നില്ല. റോഡുകളുടെ അവസ്ഥ ശോചനീയമായതിനാല്‍ പിടിയിലാകുന്നവരില്‍ പലരും ഇതും പറഞ്ഞ് തര്‍ക്കിക്കുകയാണ് പതിവ്. ഇതോടെ ഈ ആഴ്ച ഉയര്‍ന്ന പിഴ ഈടാക്കുന്നത് കുറയ്ക്കാനാണ് പോലീസിന്റെയും മോട്ടര്‍വാഹന വകുപ്പിന്റെയും തീരുമാനം. ബോധവല്‍ക്കരണത്തിന് മുന്‍തൂക്കം നല്‍കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഹെൽമറ്റ് ധരിക്കാത്തത് പോലെയുള്ള ചെറിയ നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനം അക്ഷരാർത്ഥത്തിൽ വാഹനയാത്രക്കാർക്കുള്ള ഇരുട്ടടിയാണ്.
കേസുമായി കോടതിയിൽ പോകുന്ന മെനക്കേട് ഓർത്താണ് പലരും നേരത്തെ പിഴ തുകയായ നൂറ് രൂപ അടച്ച് തല ഊരിയിരുന്നത്. എന്നാൽ , പിഴ തുക പത്തിരട്ടിയാക്കുകയും സർക്കാർ നടപടികൾ ശക്തമാക്കുകയും ചെയ്തതോടെയാണ് യാത്രക്കാരും നിയമ നടപടികൾ പിൻ തുടരാൻ തീരുമാനിച്ചത്.