ബൈക്കും ബസും കൂട്ടിയിടിച്ച് ചങ്ങനാശേരിയിൽ ആന പാപ്പാൻ മരിച്ചു: മരിച്ചത് മാടപ്പള്ളി സ്വദേശിയായ അരുൺ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നിയന്ത്രണം വിട്ട ബസും ബൈക്കും കൂട്ടിയിടിച്ച് ചങ്ങനാശേരി പൂവത്തുംമൂട്ടിൽ ആനപാപ്പാൻ മരിച്ചു. മാടപ്പള്ളി ഇടപ്പള്ളി കോളനിയിൽ സജി ഭവനിൽ മാത്യുവിന്റെ മകൻ അരുൺ.എസ് (മണിക്കുട്ടൻ – 26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ചങ്ങനാശേരി – വാഴൂർ റോഡിൽ പൂവത്തുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. അരുൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും എത്തിയ സ്വപ്‌ന എന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്നും മുണ്ടക്കയത്തിനു പോകുകയായിരുന്നു സ്വപ്‌ന എന്ന സ്വകാര്യ ബസ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ അരുൺ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
മുന്നിൽ പോയ കാറിനെ മറികടക്കാൻ ബൈക്ക് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. മരിച്ച അരുണിന്റെ അമ്മ സുമ വിദേശത്താണ്. സഹോദരൻ അമൽ. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം പിന്നീട്.