
ബൈക്കിൽ നിയന്ത്രണം വിട്ട് പറക്കുന്നവരെ കുരുക്കാന്‍ പമ്മിനിന്ന് പോലീസ്; കാക്കി കണ്ടതോടെ അന്തവും കുന്തവുമില്ലാതെ ബൈക്കിട്ടോടി ഫ്രീക്കന്മാർ ;പത്തനംതിട്ടയിൽ പിടിച്ചെടുത്തത് 13 ബൈക്കുകൾ
സ്വന്തം ലേഖിക
പത്തനംതിട്ട: ബൈക്കിൽ നിയന്ത്രണം വിട്ട് പറക്കുന്നവരെ കുരുക്കാന്‍ പോലീസ് പമ്മിനിന്നു. വിരിച്ചിട്ട വലയില്‍ കുറച്ചുപേരെ കിട്ടി. വലപൊട്ടിച്ച് ചിലവന്മാര്‍ പാഞ്ഞുപോയി. കാക്കി കണ്ടതോടെ അന്തവും കുന്തവുമില്ലാത്ത ബൈക്കും കളഞ്ഞിട്ട് കുറേ എണ്ണം ഓടിരക്ഷപ്പെട്ടു. എല്ലാംകൂടി പത്തനംതിട്ട പോലീസ് 13 ബൈക്കുകള്‍ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു.
പിടിച്ചെടുത്ത ബൈക്കുകളിലൊന്നിന്റെ ഉടമയ്ക്ക് 22,000 രൂപ പിഴയുമിട്ടു. കഴിഞ്ഞ ദിവസം യുവാവിന്റെ ഫ്രീക്കന്‍കളിയില്‍ പത്തനംതിട്ട നഗരത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 17-കാരന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് പോലീസ് ബുധനാഴ്ച പരിശോധനയ്ക്ക് ഇറങ്ങിയത്. നമ്പര്‍ പ്ലേറ്റ്, കണ്ണാടി, ബ്രേക്ക് ലൈറ്റ് ഇതൊന്നും പിടികൂടിയ ബൈക്കുകള്‍ക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടപ്പിനുപകരം ഇന്ധനടാങ്കിനു മേല്‍ പേപ്പര്‍ കപ്പ് തിരുകിയവയും കൂട്ടത്തിലുണ്ട്. ബൈക്കുകളില്‍ ചിലതില്‍ ഉടമയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പരതിയ പോലീസ് സംഘം അഭ്യാസങ്ങള്‍ കണ്ട് ഞെട്ടി. ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.