
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം. അത്തോളി സ്വദേശി രാജീവനാണ് പരിക്കേറ്റത്. ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയില്‍ എതിര്‍ ദിശയില്‍ എത്തിയ രാജീവന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രാജീവന്‍ റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇയാളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പൊലീസും ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു.