നിയന്ത്രണം വിട്ട ബൈക്ക് പാലുമായി എത്തിയ ലോറിയിലേയ്ക്ക് ഇടിച്ചു കയറി: രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്; അപകടം എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ
തേർഡ് ഐ ബ്യൂറോ
ചിങ്ങവനം: നിയന്ത്രണം വിട്ട ബൈക്ക് പാൽവണ്ടിയുടെ പിൻചക്രങ്ങൾക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന തൃശൂർ പുതുക്കാട് തുണ്ടത്തിൽ ഉത്തമന്റെ മകൻ ശ്രീജിത്ത് (23) , വാഗമൺ പുള്ളിക്കാനം പുത്തൻപുരയ്ക്കൽ യാദിയ (22) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബൈ്കിന്റെ ഉടമയായ യാദിയയാണ് പിന്നിൽ ഇരുന്നിരുന്നത്. ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ യാദിയക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. ശ്രീജിത്ത് ഹെൽമറ്റ് ധരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുരതരമായി പരിക്കേറ്റിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെ നാലരയോടെ എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പാൽ വണ്ടി വലത് വശത്തേയ്ക്ക് തിരിഞ്ഞു. പ്രദേശത്തെ കടകളിൽ പാൽ നൽകുന്നതിനു വേണ്ടിയാണ് മിനി ലോറി തിരിഞ്ഞത്. തുടർന്ന് ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ ബൈക്ക് ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഉയർന്ന് തെറിച്ച യാദിയ മിനി ലോറിയുടെ ബോഡിയിൽ തലയിടിച്ച് തറയിൽ വീഴുകയായിരുന്നുവെന്നാണ് സൂചന. അപകടവിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഒരാളെ ചിങ്ങവനം പൊലീസിന്റെ ജീപ്പിലും, മറ്റൊരാളെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവർ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.