നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ചു; വാഴൂർ റോഡിൽ യുവാവ് മരിച്ചു; മരിച്ചത് കൊടുങ്ങൂർ സ്വദേശിയായ യുവാവ്; രണ്ടു യുവാക്കൾക്കു പരിക്ക്
സ്വന്തം ലേഖകൻ
വാഴൂർ: നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് വാഴൂരിൽ യുവാവ് മരിച്ചു. നിയന്ത്രണം വിട്ടെത്തിയ ബൈക്കുകൾ നേർക്കുനേർ ഇടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് ദാരുണമമായി മരിച്ചത്.
കൊടുങ്ങൂർ വട്ടക്കാവുങ്കൽ പരേതനായ നടരാജന്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന കൊടുങ്ങൂർ പനച്ചിക്കൽമുകളേൽ വീട്ടിൽ ഉമേഷിനെയും, അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിലെ യാത്രക്കാരനായ ആലപ്ര കാക്കനാശ്ശേരിൽ വീട്ടിൽ സനൂപ് (32)നെയും പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കൊടുങ്ങൂർ-മണിമല റോഡിൽ തേക്കാനം ഗവൺമെന്റ് എൽപി സ്‌കൂളിന് സമീപത്താണ് എതിർദിശയിൽ നിന്നും എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ വൈശാഖിനെ ഉടൻതന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
മാതാവ്: ഗിരിജ. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി ബൈക്കുകൾ റോഡരികിലേയ്ക്കു മാറ്റി. മരിച്ച വൈശാഖിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്‌മോട്ടത്തിനു വിധേയമാക്കും. തുടർന്നു, കോവിഡ് നെഗറ്റീവാണെങ്കിൽ ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.