അവർ മരണത്തിലേയ്ക്ക് ബൈക്ക് ഓടിച്ച് കയറിയതോ..? സോഷ്യൽ മീഡിയയിലെ മരണ ഗ്രൂപ്പുകൾ: ആറു മാസത്തിനിടെ സംസ്ഥാനത്ത് നടന്ന 83 ബൈക്ക് അപകടമരണങ്ങൾ പൊലീസ് പരിശോധിക്കുന്നു; മരിച്ചത് 76 കൗമാരക്കാർ
സ്വന്തം ലേഖകൻ
കൊച്ചി: അവർ മരണത്തിലേയ്ക്ക് ബൈക്ക് ഓടിച്ചു കയറിയതോ..? സംസ്ഥാനത്തെ സോഷ്യൽ മീഡിയയിലെ ആത്മഹത്യാ ഗ്രൂപ്പുകളിൽ അംഗങ്ങളായ കൗമാരക്കാർ ജീവനൊടുക്കിയതിനു പിന്നാൽ സംസ്ഥാനത്ത് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ 83 ബൈക്ക് അപകടങ്ങളെപ്പറ്റി പൊലീസ് അന്വേഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി 16 മുതൽ 19 വയസുവരെയുള്ള കുട്ടികൾ അപകടത്തിൽപ്പെട്ട സംഭവങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഈ അപകടങ്ങളിലായി മരിച്ച 76 കൗമാരക്കാരുടെ മരണമാണ് പൊലീസിനെ ആശങ്കയിലാക്കുന്നത്.
ഫെയ്‌സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആത്മഹത്യ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് വയനാട് കണിയാമ്പറ്റ കടവൻ സുബൈർ – റഷീദ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷമ്മാസ് (17), സുഹൃത്ത് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17), പനമരം സ്വദേശി കട്ടാക്കാലൻ മൂസയുടെ മകൻ നിസാം (16) എന്നിവർ ആത്മഹത്യ ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിലെ ആത്മഹത്യാ ഗ്രൂപ്പുകളുടെ ഇടപെടലിനെ തുടർന്നാണെന്ന് ആശങ്കകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചത്. ഇവരുടെ ആത്മഹത്യയ്ക്ക് കാരണം ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെയാണെന്നു ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന തെളിവുകൾ.
മരണത്തിലേയ്ക്ക് ബൈക്കോടിച്ച് കയറ്റുന്ന രീതിയിലാണ് ആത്മഹത്യാ ഗ്രൂപ്പുകളിലെ പുതിയ ട്രെൻഡ്. ബൈക്കിന്റെ സ്പീഡ് നൂറിൽ എത്തുന്ന വീഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്യുന്ന ചലഞ്ചും ഈ ഗ്രൂപ്പുകളിലെ കളികളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ആത്മഹത്യ ചെയ്ത കുട്ടികൾ ഏതെങ്കിലും രീതിയിലുള്ള ലഹരി രാജ്യ വിരുദ്ധ മാഫിയയുടെ കെണികളിൽ അകപ്പെട്ടിട്ടുണ്ടോ എന്നതാണ് പൊലീസ് സംഘം പരിശോധനാ വിധേയമാക്കുന്നത്. ഇതിനായി ഇവരുടെ ഇടപാടുകൾ പൂർണമായും പരിശോധിക്കും.
കഞ്ചാവ് മാഫിയ അടക്കമുള്ള രാജ്യ വിരുദ്ധ മാഫിയകൾ ഈ കുട്ടികളെ തങ്ങളുടെ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഈ പരിശോധനകൾ വഴി കുട്ടികളെ വഴി തെറ്റിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിയിരുന്നതെന്നും സംശയിക്കുന്നു. ബൈക്ക് നൂറ് കിലോമീറ്റർ വേഗത്തിൽ ബൈക്ക ഓടിക്കുന്നത് വഴി കുട്ടികൾ മരണം ക്ഷണിച്ച് വരുത്തുകയായിരുന്നോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.
മലബാർ മേഖലകളിൽ വയനാട് കോഴിക്കോട് ജില്ലകളിലാണ് ഇത്തരത്തിൽ മരണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും, മറ്റു ജില്ലകളിലെയും ആക്ടിവിസങ്ങൾ ഇവർക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.