
റോഡിൽ പൊട്ടിക്കിടന്ന കേബിൾ ബൈക്കിൽ കുരുങ്ങി മറിഞ്ഞു പ്രവാസിയ്ക്കു ദാരുണാന്ത്യം; അപകടം ചങ്ങനാശേരി വടക്കേക്കരയിൽ
അപ്‌സര കെ.സോമൻ
കോട്ടയം: റോഡിൽ പൊട്ടിക്കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ചങ്ങനാശേരി നഗരത്തിൽ വടക്കേക്കര ഭാഗത്താണ് അപകടമുണ്ടായത്. വടക്കേക്കര സ്വദേശിയും വിദേശത്തു നിന്നും അവധിയ്‌ക്കെത്തിയ ആളുമായ സോയസ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.
ചങ്ങനാശേരി ടൗണിൽ വടശേരിക്കര ഭാഗത്തായിരുന്നു അപകടം. ടൗണിലേയ്ക്കു വരികയായിരുന്ന സോയസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ റോഡിൽ പൊട്ടിക്കിടന്ന കേബിൽ കുരുങ്ങുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡിലേയ്ക്കു മറിഞ്ഞു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, മൂക്കിന്റെ ഭാഗം റോഡിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്നു മൂക്കിന് പരിക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കേബിൾ റോഡിലേയ്ക്കു താഴ്ന്നു കിടന്നതാണോ, പൊട്ടി വീണതാണോ എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസ് എടുക്കുമെന്നും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആളുകളിൽ നിന്നും മൊഴിയെടുത്ത ശേഷം വിവരങ്ങൾ ശേഖരിക്കുമെന്നും ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്.
ചങ്ങനാശേരിയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഇത്തരത്തിൽ അലക്ഷ്യമായി വൈദ്യുതി കേബിളുകളും, വിവിധ സ്വകാര്യ ഓപ്പറേറ്റർമാരുടെ കേബിളുകളും റോഡിൽ വീണ് കിടക്കുന്നുണ്ട്. ഇത് പലപ്പോഴും അപകട സാധ്യത വർധിപ്പിക്കുന്നുമുണ്ട്. ചങ്ങനാശേരിയിൽ കേബിളുകൾ ഒരു ജീവനെടുത്തതോടെ ഇനി എന്താവും തുടർ നടപടിയെന്നാണ് കാണേണ്ടത്.