
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാസങ്ങൾക്കു മുൻപ് സുഹൃത്തിനൊപ്പം യാത്ര ചെയ്ത പതിനാറുകാരി ബൈക്ക് അപകടത്തിൽ മരിച്ച അതേ സ്ഥലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് താജ് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻ ചക്രങ്ങൾ വേർപ്പെട്ട് ചിതറിത്തെറിച്ചിരുന്നു.
കുമരകം ഏഴാംവാർഡിൽ ആശാംപറമ്പിൽ (കൊച്ചുപന്തിരുപറ) പരേതനായ ബാബുവിന്റെ മകൻ അഭിജിത്ത് (24) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉത്തരാഖണ്ഡ് സ്വദേശി ഭുവൻ പ്രസാദിനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ കാർ ഡ്രൈവറും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കുമരകം കൈപ്പുഴ മുട്ടിലായിരുന്നു അപകടം. നേരത്തെ ഇവിടെയുണ്ടായ അപകടത്തിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന പെൺകുട്ടി മരിച്ചിരുന്നു. ഇതിനു മാസങ്ങൾ കഴിയും മുൻപാണ് ഇപ്പോൾ അടുത്ത അപകടം ഉണ്ടായിരിക്കുന്നത്. കൈപ്പുഴമുട്ട് ഭാഗത്തു നിന്നും ദിശ തെറ്റിച്ച് കയറിയെത്തിയ കാർ, എതിർ ഭാഗത്തു നിന്നും എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആകാശത്തേക്കു ഉയർന്നുപൊങ്ങിയ ഇരുവരും റോഡിലേക്ക്
തെറിച്ചുവീണു. ബൈക്കിന്റെ മുൻ ചക്രവും കാറിന്റെ മുൻഭാഗവും വേർപ്പെട്ട് പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വാഹനത്തിൽ ബൈക്ക് യാത്രക്കാരായ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഭിജിത്ത്്
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി
മോർച്ചറിയിൽ. മാതാവ് : സിന്ധു അംഗൻവാടി ജീവനക്കാരി. സഹോദരി : അഞ്ജു ബാബു (ഡൽഹിയിൽ നഴ്സ്). ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ
സ്വീകരിച്ചു.