ഇസ്രയേലില്‍ നിന്നും ബിജു കുര്യന്‍ മടങ്ങിയെത്തി; സംഘത്തില്‍ നിന്നും മാറിയത് ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ കാണാന്‍; തിരികെവന്നത് സ്വമേധയാ; ഒരു ഏജന്‍സിയും അന്വേഷിച്ച്‌ വന്നില്ലെന്നും വിശദീകരണം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ മടങ്ങിയെത്തി.

ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ബിജു താന്‍ പോയത് ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണെന്ന് പ്രതികരിച്ചു. ഇക്കാര്യം സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. താന്‍ മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നിയെന്നും ഇതാണ് സര്‍ക്കാര്‍ സംഘത്തോടൊപ്പം തിരിച്ചുവരാത്തതെന്നും ബിജു കുര്യന്‍ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരികെവന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച്‌ വന്നില്ല. ടിക്കറ്റെടുത്ത് നല്‍കിയത് സഹോദരനാണെന്നും ബിജു അറിയിച്ചു.

സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പുചോദിക്കുന്നതായി പറഞ്ഞ ബിജു കുടുംബാംഗങ്ങളോടൊപ്പം നാട്ടിലേക്ക് തിരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് ഈ മാസം 17 ന് കണ്ണൂര്‍ സ്വദേശിയായ ബിജു മുങ്ങിയത്.

ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 നാണ് ഇസ്രയേലിലേക്ക് പോയത്.

അപ്രത്യക്ഷനായ ബിജു കുര്യന്‍, വീട്ടിലേക്ക് വിളിച്ച്‌ താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിജുകുര്യനില്ലാതെ കര്‍ഷക സംഘം 20 ന് മടങ്ങിയെത്തി.

ബിജുവിന്റെ വിസയ്ക്ക് മേയ് 8 വരെ കാലാവധിയുണ്ടായിരുന്നു. ബിജുവിനെ സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശം ബിജുവിന് തിരിച്ചടിയായി. ഇതോടെയാണ് തിരികെപോരാന്‍ തീരുമാനിച്ചതെന്നാണ് സൂചന.