play-sharp-fill
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തിയേക്കും; ബിജു മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനെന്ന് വിവരം

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തിയേക്കും; ബിജു മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനെന്ന് വിവരം

സ്വന്തം ലേഖകൻ

കൊച്ചി: ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തും.

ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും തിങ്കളാഴ്ച പുലര്‍ച്ചെ കേരളത്തിലെത്തുമെന്നുമാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്താനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് കൊണ്ടുപോയ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ബിജുവിനെ ഇസ്രായേലില്‍ കാണാതാവുകയായിരുന്നു. ഫെബ്രുവരി 16-ന് രാത്രി ഏഴ് മണിയോടെ ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തില്‍ സംഘം അത്താഴത്തിന് നിര്‍ത്തിയ സമയം മുതല്‍ അദ്ദേഹത്തെ കാണാതായി എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

എന്നൽ ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു സ്വയം സംഘത്തെ ഉപേക്ഷിച്ചതെന്നാണ് പുതിയ വിവരം. സംഘത്തില്‍ നിന്ന് പിരിഞ്ഞ ശേഷം, ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേ‍ര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടയില്‍ പ്രതിനിധി സംഘം തിരികെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു എന്നും ബിജു പറഞ്ഞതായി ബന്ധപ്പെട്ടവ‍ര്‍ പറഞ്ഞു.

തന്റെ കാണാതാകലുമായി ബന്ധപ്പെട്ട് നാട്ടില്‍ നടക്കുന്ന വിവാദങ്ങളില്‍ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിനുണ്ടായ നാണക്കേടില്‍ കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരോട് ബിജു മാപ്പ് ചോദിച്ചതായും ബഹ്റൈന്‍ വഴി കേരളത്തിലത്താനുള്ള ശ്രമത്തിലാണെന്നും ബിജുവുമായി ബന്ധമുള്ളവ‍ര്‍ അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം ബിജു കുര്യന്റെ വിഷയത്തില്‍ ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരുന്നു. ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പമുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും അയാളെ സഹായിക്കുന്നവര്‍ക്കും വലിയ വില നല്‍കേണ്ടിവരുമെന്നും ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

നേരത്തെ വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍.

ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച്‌ പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.