സാംസ്കാരിക പത്രപ്രവർത്തനമികവ്‌ ; ബിജി കുര്യന്‌ മാധ്യമ പുരസ്‌കാരം

സാംസ്കാരിക പത്രപ്രവർത്തനമികവ്‌ ; ബിജി കുര്യന്‌ മാധ്യമ പുരസ്‌കാരം

സ്വന്തം ലേഖകൻ

കോട്ടയം: അയ്‌മനം പരസ്പരം വായനക്കൂട്ടം മാനേജിങ് എഡിറ്ററായിരുന്ന രവി ചൂനാടന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസിക പുരസ്കാരത്തിന് ദേശാഭിമാനി കോട്ടയം ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ ബിജി കുര്യൻ അർഹനായി. സാംസ്കാരിക പത്രപ്രവർത്തനമികവ്‌ പരിഗണിച്ചാണ്‌ പുരസ്‌കാരമെന്ന്‌ വിധികർത്താക്കൾ അറിയിച്ചു. കൂരോപ്പട സ്വദേശിയാണ്‌.

ജനനി വാരിക, മംഗളം ദിനപത്രം എന്നീ പ്രസിദ്ധീകരണങ്ങളിലും ഒരു ദശാബ്ദം പ്രവർത്തനാനുഭവമുള്ള ബിജി ദേശാഭിമാനിയിൽ കഴിഞ്ഞ 25 വർഷമായുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി, കോട്ടയം, തൃശൂർ, പത്തനംതിട്ട ബ്യൂറോ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ജനകീയാസൂത്രണം സംസ്ഥാനതല കെആർപി ആയിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗവും കെയുഡബ്ല്യുജെ ദേശാഭിമാനി കോ ഓർഡിനേഷൻ സെക്രട്ടറിയുമായിരുന്നു. പൊൻകുന്നം വർക്കി രക്ഷാധികാരിയായിരുന്ന പാമ്പാടി നവലോകം സാംസ്‌കാരിക കേന്ദ്രം സ്ഥാപക സെക്രട്ടറിയാണ്‌. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ –- പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗമായിരുന്നു.

ഷീല എലിസബത്താണ്‌ ഭാര്യ. അബു ബി കുര്യൻ (ലിയാസെസ്‌ ഫോറാസ്‌, ക്ലയന്റ്‌ എൻഗേജ്‌മെന്റ്‌ മുംബൈ), റിബു ബി ജോസഫ്‌ എന്നിവർ മക്കൾ.

ശ്രീകാന്ത് അയ്മനം (ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്‌ വിജയി ), അജി കെ ജോസ് (ചലച്ചിത്ര സംവിധായകൻ), ഓണംതുരുത്ത്‌ രാജശേഖരൻ (നാടകകൃത്ത്), ബാബു കിളിരൂർ (നോവലിസ്റ്റ് ), ആർട്ടിസ്റ്റ് സത്യനാരായണൻ (ചിത്രകാരൻ ) എന്നിവരും പുരസ്‌കാരത്തിന്‌ അർഹരായി.

പരസ്പരം വായനക്കൂട്ടം അംഗങ്ങൾ 2018, 19, 20 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികൾക്കുള്ള സാഹിത്യ പുരസ്കാരങ്ങളും വായനക്കൂട്ടത്തിലെ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. 2022 ജനുവരി 8ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന പരസ്പരം വായനക്കൂട്ടം 18-ാമത് വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സഹകരണ മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.