
പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വത്തിൽ നിന്ന് രാജിവച്ചു. ജനതാദൾ (യുണൈറ്റഡ്) എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ട് എത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്.
ക്യാബിനറ്റ് മന്ത്രി വിജയ് കുമാർ ചൗധരി രാജി സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ അടുത്ത നീക്കത്തെ കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ശക്തമായി. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി സ്ഥാനവും രാജിവെക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന ഭരണത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.
ജെഡിയു നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാവിയെ കുറിച്ചും നിതീഷ് കുമാറിന്റെ അടുത്ത രാഷ്ട്രീയ നിലപാടിനെ കുറിച്ചും അഭ്യൂഹങ്ങൾ ശക്തമാണ്. ദീർഘകാലമായി ബിഹാർ രാഷ്ട്രീയത്തിലെ പ്രധാന മുഖമായിരുന്ന അദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത് ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും ഒരുപോലെ അതിശയിപ്പിച്ചിട്ടുണ്ട്. മാർച്ച് 16-ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഈ രാജി. പത്താം തവണ മുഖ്യമന്ത്രിയായെത്തി വെറും നാല് മാസത്തിനുള്ളിലാണ് ഈ നിർണായക നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


