
ഇന്റർനെറ്റ് വേഗത കൂടും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ‘ബിഗ് ബേർഡ്’ വിജയകരമായി വിക്ഷേപിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്ത വിനിമയ ഉപഗ്രഹമാണിത്. 5845 കിലോ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജിസാറ്റ് 11നെ ഭ്രമണ പഥത്തിലെത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 2.07നായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയിലെ ഇന്റർനെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ്-11ന്റെ പ്രാഥമിക ലക്ഷ്യം. റേഡിയോ സിഗ്‌നലുകൾ സ്വീകരിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ട്. 1117 കോടി രൂപയാണ് ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി ചെലവായത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോർഡാണ് ഏരിയൻ 5 റോക്കറ്റിനുള്ളത്. ജിസാറ്റ്-11 മെയിൽ വിക്ഷേപിക്കാനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്രോ) ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില തകരാറുകൾ ശ്രദ്ധയിൽ പെട്ടതിനാൽ ഉപഗ്രഹം തിരിച്ചു വിളിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണം നടത്തിയത്. ഈ ശ്രേണിയിൽ പെട്ട ജിസാറ്റ്-19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും.