ബിഗ് ബസാറിന്റെ വമ്പൻ ആദായ വിൽപ്പന: ടിബി റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്; കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് അതിരൂക്ഷം; കർശന നടപടിയുമായി പൊലീസ് രംഗത്ത്; ബിഗ് ബസാറിൽ എത്തിയവർക്ക് പൊലീസിന്റെ പെറ്റി..!

ബിഗ് ബസാറിന്റെ വമ്പൻ ആദായ വിൽപ്പന: ടിബി റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്; കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ ഗതാഗതക്കുരുക്ക് അതിരൂക്ഷം; കർശന നടപടിയുമായി പൊലീസ് രംഗത്ത്; ബിഗ് ബസാറിൽ എത്തിയവർക്ക് പൊലീസിന്റെ പെറ്റി..!

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയും പ്രളയഭീതിയും നിലനിൽക്കുമ്പോഴും ഷോപ്പിങ് ഉത്സവം ആഘോഷിക്കാൻ ആളെ വിളിച്ച ബിഗ്ബസാർ നഗരത്തെ തള്ളിവിടുന്നത് വൻ കുരുക്കിലേയ്ക്ക.് ബിഗ് ബസാറിന്റെ വമ്പിച്ച ആദായ വിൽപനയെന്ന പരസ്യം കണ്ട് ഓടിയെത്തിവരാണ് നഗരത്തെ ഗതാഗതക്കുരുക്കിലാക്കിയത്. റോഡ് ഗതാഗതക്കുരുക്കിലായതോടെ പൊലീസും ശക്തമായ നടപടിയുമായി രംഗത്ത് എത്തി. ടിബി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ പിഴ ചുമത്തിയാണ് പൊലീസ് നടപടി ശക്തമാക്കിയത്.
ശനിയാഴ്ച രാവിലെ മുതലാണ് മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നൽകി ബിഗ് ബസാർ വമ്പിച്ച ആദായ വിൽപ്പന ആരംഭിച്ചത്. ആഗസ്റ്റ് പത്തു മുതൽ 15 വരെയുള്ള തീയതികളിൽ ബിഗ് ബസാറിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കാഷ് ബാക് ലഭിക്കും എന്നതായിരുന്നു ആകർഷണമായി വച്ചിരുന്നത്. 3000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ 1200 രൂപ തിരികെ ലഭിക്കുമെന്നത് തന്നെയായിരുന്നു ബിഗ് ബസാർ മുന്നോട്ട് വച്ച പ്രധാന നിർദേശം. ഇത് കേട്ടാണ് കോട്ടയത്തുകാർ കൂട്ടത്തോടെ ബിഗ് ബസാറിലേയ്ക്ക് ഓടിയെത്തിയത്.
കഷ്ടിച്ച് അൻപത് കാറുകൾക്ക് മാത്രമാണ് ബിഗ്ബസാറിനുള്ളിൽ പാർക്ക് ചെയ്യാൻ സൗകര്യമുള്ളത്. ഓഫറിട്ടെങ്കിലും വാഹനം പാർക്ക് ചെയ്യുന്നതിന് കൃത്യമായ ക്രമീകരണങ്ങളൊന്നും അധികൃതർ ഒരുക്കിയിരുന്നില്ല. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ എത്തി ടിബി റോഡ് നിറഞ്ഞു കവിഞ്ഞു. ഇവിടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ ടി.ബി റോഡിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ബിഗ് ബസാറിൽ എത്തിയ ഉപഭോക്താക്കളിൽ പലരും വാഹനം റോഡരികിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ വാഹനം പാർക്ക് ചെയ്ത ശേഷമാണ് ബിഗ്ബസാറിൽ നിന്നും സാധനങ്ങൾ വാങ്ങാനായി കയറിയത്. ഇതോടെയാണ് സംഭവത്തിൽ പൊലീസ് നടപടി തുടങ്ങിയത്.
ഇത്തരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ പൊലീസ് കർശന നടപടികൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനങ്ങൾക്ക് ഫൈൻ നോട്ടീസ് അയച്ചു. ഈ പിഴ അടയ്ക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ബിഗ് ബസാറിൽ എത്തുകയും, അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ തന്നെയാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.