video
play-sharp-fill

കോട്ടയം ബിഗ് ബസാറിന്റെ ക്രൂരത പിഞ്ചു കുട്ടികളോട്: പത്തു രൂപയുടെ ചോക്‌ളേറ്റ് മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗ്നരാക്കി കോട്ടയം ബിഗ്ബസാർ ജീവനക്കാരുടെ പരിശോധന: മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും സഹോദരിമാരുടെ മുന്നിൽ പരസ്യമായി നഗ്നരാക്കി; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വെസ്റ്റ് പൊലീസ്

കോട്ടയം ബിഗ് ബസാറിന്റെ ക്രൂരത പിഞ്ചു കുട്ടികളോട്: പത്തു രൂപയുടെ ചോക്‌ളേറ്റ് മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗ്നരാക്കി കോട്ടയം ബിഗ്ബസാർ ജീവനക്കാരുടെ പരിശോധന: മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും സഹോദരിമാരുടെ മുന്നിൽ പരസ്യമായി നഗ്നരാക്കി; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വെസ്റ്റ് പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചോക്‌ളേറ്റ് മോഷണം ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞ് വച്ച് പരസ്യമായി നഗ്നരാക്കി പരിശോധന. സഹോദരിമാർക്കൊപ്പം ബിഗ്ബസാറിൽ എത്തിയ കുട്ടികളെയാണ് തടഞ്ഞു നിർത്തിയ സെക്യൂരിറ്റി ജീവനക്കാർ നഗ്നരാക്കി പരിശോധിച്ചത്. മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞ് കാലുപിടിച്ചു പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാർ കുട്ടികളെ നാലു മണിക്കൂറോളം തടഞ്ഞു വച്ച് പരിശോധിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ബിഗ് ബസാറിൽ സിസിടിവി ക്യാമറ അടക്കമുള്ളപ്പോഴാണ് പ്രാകൃതമായ രീതിയിൽ കുട്ടികളെ നഗ്നരാക്കി സെക്യൂരിറ്റി ജീവനക്കാരുടെ മനുഷ്യാവകാശ ലംഘനം ഉണ്ടായത്. ബിഗ്ബസാറിൽ നിന്നും പുറത്തിറങ്ങിയ ഉടൻ തന്നെ കുട്ടികൾ വെസ്റ്റ് പൊലീസിൽ എത്തി പരാതി നൽകിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും പരാതിയെപ്പറ്റി അന്വേഷിക്കാനോ, രസീത് നൽകാനോ പോലും പൊലീസ് തയ്യാറായിട്ടില്ല. ഉന്നത രാഷ്ട്രീയ സ്വാധീനവും, പണക്കൊഴുപ്പുമുളള വമ്പൻ കമ്പനിയെ തൊടാൻ ജില്ലയിലെ പൊലീസ് സംഘത്തിനും ഭയമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കുട്ടികളെ അപമാനിച്ചെന്ന പരാതി ലഭിച്ച് പന്ത്രണ്ട്് മണിക്കൂർ കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണം പോലും വെസ്റ്റ് പൊലീസ് ഇതുവരെയും നടത്തിയിട്ടുമില്ല.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സഹോദരൻമാരും സഹോദരിമാരും അടങ്ങുന്ന സംഘം ബിഗ് ബസാറിൽ എത്തിയത്. നല്ല കുടുംബത്തിൽ ജനിച്ച, മികച്ച സ്‌കൂളിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളാണ് എല്ലാവരും. പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായാണ് കുട്ടികളെല്ലാം ബിഗ് ബസാറിൽ എത്തിയത്. കുറച്ച് നേരം ഇവിടെ നടന്ന ശേഷം ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. വിലക്കയറ്റം കാരണം സാധനങ്ങളൊന്നും കുട്ടികൾ വാങ്ങിയിരുന്നില്ല. പുറത്തെ കടകളിൽ പാതി വിലയ്ക്ക് കിട്ടിയിരുന്ന സാധനങ്ങൾ ഇരട്ടി വിലയ്ക്കാണ് ഇവിടെ വിറ്റിരുന്നതെന്ന് കുട്ടികൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. തുടർന്ന് തിരികെ ഇറങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. ചോക്കലേറ്റ് മോഷ്ടിച്ചത് തിരികെ തരണമെന്ന് സെക്യൂരിറ്റി ജീവനക്കാർ കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികൾ പറഞ്ഞു. ഇതോടെയാണ് ഇവരുടെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത്.
സി.സിടിവി ക്യാമറ പരിശോധിക്കാനോ, പൊലീസിനെ വിളിക്കാനോ ആവശ്യപ്പെട്ടെങ്കിലും കുട്ടികളെ കള്ളന്മാരാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ബിഗ്ബസാർ അധികൃതർ സ്വീകരിച്ചത്. രാത്രി ഒൻപത് മണിയോടെ ബിഗ്ബസാറിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ നേരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. രാവിലെ നടപടിയെടുക്കാമെന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയ കുട്ടികളോട് ബിഗ് ബസാർ പത്തു മണിയാകുമ്പോൾ തുറക്കും ഇതിനു ശേഷം നടപടിയെടുക്കാമെന്നായി പൊലീസുകാർ. പരാതിയുടെ രസീത് ചോദിച്ചപ്പോഴാകട്ടെ അതിരൂക്ഷമായ പരിഹാസമായിരുന്നു മറുപടി. 11 മണിയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിയാൽ രസീത് നൽകാമെന്ന് സമാധാനിപ്പിച്ച് കുട്ടികളെ മടക്കി. എന്നാൽ, ഇതുവരെയും നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
കേസുകളിൽ പ്രതികളാകുന്ന കുട്ടികളോടു പോലും മാന്യമായേ പെരുമാറാവൂ എന്നാണ് ചട്ടം. എന്നാൽ, ഒരു കുറ്റവും ചെയ്യാത്ത കുട്ടികളെ പരസ്യമായി അപമാനിക്കുകയും, അവരുടെ മാനസിക നിലയെ സാരമായി ബാധിക്കുന്ന രീതിയിലാണ് ബിഗ് ബസാർ ജീവനക്കാർ പെരുമാറിയത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമായ ക്രിമനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. ബിഗ് ബസാറിനെതിരെയും, വെസ്റ്റ് പൊലീസിനെതിരെയും കുട്ടികൾ ബാലാവകാശ കമ്മിഷനിലും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടികൾ.