
”ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ…! സഹസംവിധായകനില്‍ നിന്നും വഴിതെറ്റി ശരിവഴി കണ്ടെത്തിയ ഏകാന്ത പഥികന്‍; അനശ്വര ഗാനങ്ങള്‍ പിറന്ന തൂലിക നിശ്ചലമായിട്ട് ഒരാണ്ട്, ഈ പാഴ്മുളം തണ്ട് പൊട്ടും വരെ, ഈ ഗാനമില്ലാതെയാകും വരെ…! ബിച്ചു തിരുമലയുടെ ഓർമ്മകൾക്ക് ഒരു വയസ്…!
രണ്ടര വയസ്സാണ് അന്ന് ബാലഗോപാലന്. ഒരു ദിവസം രാത്രി അവന്‍ കഠിനമായ വേദനകൊണ്ട് ഉറക്കെ കരഞ്ഞു. ബന്ധുക്കളും അയല്‍പക്കത്തുള്ളവരും അവന് ചുറ്റും വട്ടത്തില്‍ നിരന്നു. കിലോമീറ്റുകള്‍ക്കപ്പുറം താമസിക്കുന്ന വൈദ്യനെ വിളിക്കാന്‍ ബന്ധുക്കളിലൊരാള്‍ സൈക്കിളുമായി പാഞ്ഞു. വൈദ്യന്‍ സ്ഥലത്തില്ല, നിരാശനായി അയാള്‍ തിരികെ വന്ന് പറഞ്ഞു. അന്നത്തെ പുലരിക്ക് പാതിവെന്ത ബലിച്ചോറിന്റെ മണമായിരുന്നു, കുഞ്ഞ് ബിച്ചുവിനെ വിളിച്ചുണര്‍ത്തിയതാവട്ടെ, പാകമായിക്കൊണ്ടിരിക്കുന്ന ബലിച്ചോറുണ്ണാന്‍ കാത്തിരിക്കുന്ന ബലിക്കാക്കകളും. കുഞ്ഞനിയന്‍ പട്ട് പുതച്ച് സുന്ദരനായി കിടക്കുന്നു, നേരം വൈകുംമുന്‍പ് അവനെ യാത്രയാക്കണം, അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് അഗ്നിക്ക് കൊടുക്കാനാവില്ല, മണ്ണിട്ട് തന്നെ മൂടണം. ബാലഗോപാലനെ മണ്ണിട്ട് മൂടിയ പട്ടടയ്ക്ക് സമീപം ബിച്ചു അന്ന് രാത്രി കാത്തിരുന്നു, പിറ്റേന്നും പിന്നീടുള്ള ദിവസങ്ങളിലും കാത്തിരിപ്പ് തുടര്‍ന്നു. കുഴിച്ചിട്ട ബാലഗോപാലന്‍ ഒരു നക്ഷത്രവള്ളി പോലെ മുളച്ച് വരും എന്ന് വിശ്വസിച്ച ഏട്ടന്‍..!
”ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍കിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരുംനാളുമെണ്ണിയിരുന്നു ഞാന്‍…’
ജീവിതത്തില്‍ മഞ്ഞ റോസപ്പൂവിന്റെ ഗന്ധം നിറച്ച് കടന്ന് പോയ ഗേളിക്കായി നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിരുന്ന കുഞ്ഞൂഞ്ഞാമ്മയുടെ മാത്രം കാത്തിരിപ്പായിരുന്നില്ല അത്. ഒരിക്കല്‍ മുളച്ച് വരുമെന്ന് പ്രതീക്ഷിച്ച് അനിയന്റെ കുഴിമാടം നോക്കി ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞ ഒരേട്ടന് മാത്രം കുറിക്കാവുന്ന വരികള്‍. കുഞ്ഞജനെക്കുറിച്ച് നേരിട്ട് പറഞ്ഞ ഒരു ഗാനം മാത്രമേ ബിച്ചുതിരുമല എഴുതിയിട്ടുള്ളൂ, ആ ഗാനം പപ്പ പാടിയാണ് നമ്മള്‍ ഓരോരുത്തരും കേട്ടത്, സ്വന്തം അപ്പൂസിന് വേണ്ടി,
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ളദോഷം കളയാന്‍ മൂള് പുള്ളോന്‍കുടമേ..’
മലയാള സിനിമാ ഗാനശാഖയിലെ അനശ്വരഗാനങ്ങളുടെ വലിയ ഓഹരി ഉടമയാണ് ഇന്ന് വിടവാങ്ങിയത്. ബിച്ചു തിരുമല എന്ന പേര് സ്‌ക്രീനില്‍ കാണാന്‍ തുടങ്ങിയ കാലം ഓര്‍മ്മയില്ല. പക്ഷേ, ആ പേര് പോലെ തന്നെ കുട്ടിത്തവും കുസൃതിയും വാത്സല്യവും നിറഞ്ഞതായിരുന്നു അദ്ദേഹം എഴുതിയ വരികളും. വരികള്‍ തെറ്റിക്കുമ്പോള്‍ കലഹിച്ചിരുന്ന സംഗീതപ്രേമിയെ പ്രണയിച്ചതുകൊണ്ടാവും, വരികളിലാണ് ഏതൊരു ഗാനത്തിന്റെയു ആത്മാവ് വസിക്കുന്നതെന്ന വിശ്വാസം അരക്കിട്ടുറച്ചത്. ഒരുപരിധിയിലധികവും അത് ശരിയാണ്. വയലാര്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്ക് ശേഷവും ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം എന്നിവര്‍ക്ക് മുന്‍പും മനോഹരമായ വാക്കുകള്‍ നിറച്ച ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ബിച്ചു തിരുമല ആയിരുന്നു. അദ്ദേഹത്തിന്റ പ്രത്യേക ശൈലിലും കുസൃതി നിറഞ്ഞ വാക്കുകളും ഏറ്റവും മനോഹരമായി തോന്നിയത്, രവീന്ദ്രസംഗീതത്തോടൊപ്പമാണ്. ദാസേട്ടന്റെ ശബ്ദത്തില്‍ രവീന്ദ്രന്‍ മാഷിന്റെ ഈണത്തില്‍ പിറന്ന പാട്ടുകളെപ്പറ്റി പറഞ്ഞ് അഭിമാനം കൊള്ളുമ്പോള്‍ അതിന് ആത്മാവ് നല്‍കിയ ബിച്ചുതിരുമലയോട് ആരാധന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ദേവരാജന്‍-ദക്ഷിണാമൂര്‍ത്തി- എംസ് ബാബുരാജ്- രാഘവന്‍ മാസ്റ്റര്‍-എ.ടി ഉമ്മര്‍- ഇളയരാജ- എംസ് വിശ്വനാഥന്‍-ശ്യാം- ജോണ്‍സണ്‍ ശ്രേണിയില്‍ തന്നെ ബിച്ചു തിരുമലയും ഉള്‍പ്പെടും. സാധാരണ ഈണത്തെ പോലും അസാധാരണ തലത്തിലേക്ക് ഉയര്‍ത്താന്‍ ബിച്ചു തിരുമലയുടെ തൂലികയ്ക്ക് അത്ഭുത സിദ്ധിയുണ്ടായിരുന്നു.
പ്രണയത്തിന് ഭംഗി നല്‍കുന്നത് വാത്സല്യ ഭാവമാണെന്ന തിരിച്ചറിവ് ബിച്ചു എന്ന കവിയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. മനോനില തെറ്റിയ പ്രണയിനിയെ മാറില്‍ ചേര്‍ത്ത് നായകന്‍ പാടിയപ്പോള്‍ മൂണ്‍ട്രാംപിറയിലെ കണ്ണേ കലൈമാനേ എന്ന ഗാനത്തേക്കാള്‍ കിലുകില്‍ പമ്പരം പ്രയപ്പെട്ടതായത്, പ്രണയമാണോ വാത്സല്യമാണോ അതില്‍ നിറഞ്ഞിരുന്നതെന്ന് ഈ നിമിഷം വരം തിരച്ചറിയാന്‍ സാധിക്കാത്തതുകൊണ്ടുമാണ്,
”മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും പാല്‍ നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍
താളം പോയ നിന്നില്‍ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നല്‍ കന്യകേ
താരകങ്ങള്‍ തുന്നുമീ രാവിന്‍ മേനാവില്‍.. ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
കിലുകില്‍ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ”
കഥാസന്ദര്‍ഭവുമായി ഏറ്റവുമധികം ലയിക്കുന്ന വരികള്‍, ഒരുപക്ഷേ ഈ വരികളില്‍ നിന്നാണോ സിനിമ പിറന്നത് എന്ന് പോലും തോന്നിപ്പിക്കുന്ന ഗാനങ്ങള്‍;
”പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ചില്‍പ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
ഈ പാഴ്മുളംതണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകള്‍ക്കെന്നും കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ…
പുല്ലാങ്കുഴല്‍ നാദമായ്..
ഉണ്ണികളേ ഒരുകഥപറയാം ഈ പുല്ലാം കുഴലിന്‍ കഥ പറയാം’ ഇടയനെപ്പോലെ തന്റെ കുഞ്ഞാടുകളെ കാത്ത എബിയുടെ ജീവിതം മുഴുവന്‍ ഈ വരികളിലുണ്ട്.
” വെള്ളാങ്കല്ലിന്‍ ചില്ലുംകൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേവാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു പിന്നിക്കൊരുത്തൊരു മാലതീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്നതങ്കക്കലമാനെകൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെചിത്തിരക്കുഞ്ഞല്ലേ..
കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളില്‍ പൂക്കാലം” പണ്ടെന്നോ കണ്മുന്നില്‍ നിന്ന് മാഞ്ഞു പോയ സഹോദരിയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന വത്സല ടീച്ചര്‍. അവള്‍ പോയ നാള്‍ മുതല്‍ തന്റെ ഉള്ളില്‍ പൂക്കാലമില്ലെന്ന് പറയുന്ന ഈ വരികള്‍ തന്നെയല്ലേ കഥാതന്ദുവും? കാക്കേ കാക്കേ കൂടെവിടെ എന്ന് പാടുന്ന പ്രായം മുതല്‍ കണ്ണാംതുമ്പീ എന്ന ഗാനവും കുഞ്ഞുങ്ങള്‍ പാടിപ്പഠിക്കുന്നുണ്ട്. അത്രയ്ക്ക് ലളിതമാണ് വരികള്‍, പക്ഷേ അതിന്റെ ആഴമോ? കൈക്കുമ്പിളില്‍ നിന്നും അപ്പൂപ്പന്‍ താടി പോലെ പറന്ന് കാക്കോത്തിക്കാവിലകപ്പെട്ട ഒരുവളെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുന്ന വരികള്‍.
”ഏതോ മരഛായ നീ തിരഞ്ഞകന്നാലും
എങ്ങോ വനഭൂമിയില്‍ പറന്നുപോയാലും
താനെ മുകില്‍വാനംനിന്നെ തേടിവന്നാലും
നീറും മരുവായിമനം തേങ്ങിടും കിളിയേ..
കാതോടു കാതോരം തേനൊലിയൊലിയല്ലേ
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
അകലെയേതോപൂവനിയില്‍ വിരിഞ്ഞുവെന്നാലും
കണ്ണോടു കണ്ണോരം നീ കണിമലരല്ലേ..” സേതുവിന്റെയും വിനോദിന്റെയും മാമാട്ടിക്കുട്ടിയമ്മ, അകലെയുള്ള ഏതോ പൂവനിയില്‍ വിരിഞ്ഞ കണിമലര്‍. നഷ്ടപ്പെട്ട് പോയ മകള്‍ക്ക് പകരമായവള്‍. പിന്നീട് തങ്ങളുടെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ല എന്ന് തിരിച്ചറിഞ്ഞവര്‍. ആര് തേടി വന്നാലും എവിടേക്ക് പറന്ന് പോയാലും ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും നീ ഞങ്ങളുടെ കണ്ണോരത്തും കാതോരത്തും ഉണ്ടാകുമെന്ന് ഉറപ്പുള്ള പാവം രണ്ട് മനുഷ്യരുടെ കഥ. സിനിമ മുഴുവന്‍ കാണേണ്ട, ഈ നാല് വരികളിലുണ്ട് സേതുവും വിനോദും മാമാട്ടിക്കുട്ടിയമ്മയും..!
”അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടി വിദ്യ കാണാം തല കീഴായ് നീന്താം തല കീഴായ് നീന്താം
അമ്മൂമ്മ വന്നു കുടഞ്ഞിട്ടു കെട്ടുന്ന തെമ്മാടി വേല കാണാം കുടമാറ്റം കാണാം പല കൂട്ടം കൂടാം
കരിമാറാലയില്‍ കളിയൂഞ്ഞാലിടാം
കൈയ്യോടു കൈ കോര്‍ത്തു കൂത്താടാം..” ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാം എന്ന പാട്ടിലെ ഈ വരികള്‍ക്ക് ടൈം മെഷീന്റെ പവറാണ്. എത്ര പെട്ടെന്നാണ് എല്ലാവരും കുട്ടികളാവുന്നത്..? കരമാറാലയില്‍ ഊഞ്ഞാലിടാനും തല കീഴായ് നീന്താനും വേലയും കുടമാറ്റവും കാണാനും കുട്ടിച്ചാത്തന്റെ കൈപിടിച്ച് നടക്കാന്‍ സഹായിച്ചത് ഗാനരചയിതാവ് കൂടിയാണ്.
ആദ്യത്തെ ത്രീഡി ചിത്രം മാത്രമല്ല, മലയാളത്തിലെ ആദ്യ അഡള്‍ട്ട് ഒണ്‍ലി ചിത്രമായ അവളുടെ രാവുകളിലെ രതിയും പ്രണയും തുളുമ്പിയ ഗാനം പിറന്നതും ബിച്ചുവിന്റെ തൂലികയില്‍ നിന്നാണ്.
”രാകേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല
രജനീ കദംബങ്ങള്‍ മിഴി ചിമ്മിയില്ല
മദനോത്സവങ്ങള്‍ക്കു നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍..”
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബിച്ചു എന്നറിയപ്പെടുന്ന ശിവശങ്കരന്‍ നായര്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ ‘ബല്ലാത്ത ദുനിയാവാണ്’ എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വഴിതെറ്റിവന്ന, ബിച്ചു സംവിധായകന്‍ എം. കൃഷ്ണന്‍നായര്‍ 1970-ല്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. അതിനുശേഷം ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. 1972ല്‍ സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്‌മമുഹൂര്‍ത്തം’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. എങ്കിലും ബ്രാഹ്‌മമുഹൂര്‍ത്തം എന്ന് തുടങ്ങുന്ന ഗാനം പിന്നീട് ലളിതഗാന സംഗീത വേദികളിലെ സ്ഥിരം സാന്നിധ്യമായി.
നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്’ 1990ലെ വാമദേവന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു അദ്ദേഹം. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ മലയാളികള്‍ക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയില്‍ നിന്നു പിറന്നു. 1992 ല്‍ എ ആര്‍ റഹ്‌മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് ‘പടകാളി’ വരികളെഴുതിയ വേഗത കരിയറിലും പിന്തുടര്‍ന്ന സമയത്താണ്, 1994 ല്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ബിച്ചുവിന് ഏറെനാള്‍ സംഗീതലോകത്തു നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.
അവസാന നാളുകളില്‍ കവിതള്‍ രചിക്കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. ഒരു കവിതാസമാഹാരം ഉടന്‍ പുറത്തിറങ്ങുമെന്നും അഭിമുഖങ്ങളില്‍ പറഞ്ഞ് മോഹിപ്പിച്ചാണ് വിടവാങ്ങിയത്.
”നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെയിഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
എന്നും ഉള്ളിലെ ദാഹമെങ്കിലും….
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍, ഈ സ്വരജതിയില്‍ ഈ വരിശകളില്‍..” ഇനിയുമെത്രമോ ഗാനങ്ങള്‍ ഇതുപോലെ മോഹിച്ചിരിക്കാം. ആ വിരല്‍ത്തുമ്പില്‍ പിറക്കാതെ പോയ ഗാനങ്ങളെ ഓര്‍ത്താണ് ദുഃഖം. അനശ്വരമാകാന്‍ നിങ്ങള്‍ക്ക് യോഗമില്ലാതെ പോയി. വൈവിധ്യത്തിന്റെ ധാരാളിത്തമായിരുന്നു ബിച്ചുതിരുമലയുടെ പ്രത്യേകത. പിന്നെ, ആലോചിക്കാന്‍ പോലും കവിയാത്തത്ര പദസമ്പത്തും. പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെക്കൂട്ടി,
”പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശിപൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ
വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി
തക്കാളീം പപ്പാളീം അച്ചിങ്ങ മുച്ചിങ്ങ പീച്ചിങ്ങയോടൊപ്പം
പിച്ചനടന്നു ചൊല്ലി – കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ..” കവിതയല്ലാതെയെന്തുണ്ട് ഭൂമിയില്‍ എന്ന് മഹാകവി പി പറഞ്ഞെങ്കിലും പച്ചക്കറിത്തട്ടില്‍ പോലും കവിതയും സംഗീതവുമുണ്ടെന്ന് സാധാരണക്കാരന് കാണിച്ചു തന്നത് ബിച്ചു തിരുമലയായിരുന്നു. പ്രിയ കവീ, നിങ്ങള്‍ക്ക് മരണമില്ല..!
കടപ്പാട്: ശ്രീലക്ഷ്മി സോമൻ (FB Post)