
കൊച്ചി: ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച കാറുകൾ കടത്തിക്കൊണ്ടുവന്ന റാക്കറ്റിന്റെ പക്കൽനിന്നും കാറുകൾ വാങ്ങിയവരുടെ കൂട്ടത്തിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ചലച്ചിത്രപ്രവർത്തകരും ഉൾപ്പെടുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തമിഴ്നാട്ടിലെ നാലു പൊലീസ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് കാറുകൾ വാങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം വാഹനങ്ങൾ വാങ്ങിയവരുടെ കൂട്ടത്തിൽ മലയാള സിനിമയിലെ രണ്ട് നടന്മാരും ഒരു സാങ്കേതിക പ്രവർത്തകനും ഉൾപ്പെടുന്നു എന്നാണു സൂചന.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി ഹിമാചൽ പ്രദേശിൽ റജിസ്റ്റർ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണു കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണു കൂടുതൽ വാഹനങ്ങളും റജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ റജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണു കേരളത്തിൽ കാറുകൾ വിറ്റതും. കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റർ ചെയ്തു ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണു ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ചു വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group