
ഭോപ്പാൽ: മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴത്തെ കാഴ്ച ആശങ്ക ജനിപ്പിക്കുന്നതായിരുന്നു.
എന്നാൽ കടയുടമയോട് വിവരം ചോദിച്ചപ്പോഴത്തെ പ്രതികരണം ആയിരുന്നു ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. അടുക്കളയിൽ പാഞ്ഞ് നടക്കുന്ന എലികൾ തങ്ങളുടെ വളർത്തുമൃഗങ്ങളാണെന്നാണ് കടയുടമ വിശദമാക്കിയത്. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിന് എതിർവശത്തെ രാഷി റസ്റ്റോറന്റാണ് ശോചനീയമായ അവസ്ഥയിൽ പ്രവർത്തിച്ചിരുന്നത്. പരിശോധനയ്ക്ക് എത്തിയ സംഘാംഗങ്ങൾക്ക് സംസാരിക്കാൻ പോലും ആവാത്ത സ്ഥിതിയിലാണ് പുറത്ത് വന്നത്.
ശോചനീയാവസ്ഥ കണ്ട് ചോദിച്ചപ്പോഴത്തെ മറുപടി ഞെട്ടിച്ചെന്ന് ഉദ്യോഗസ്ഥർ
പ്രവർത്തനം ആരംഭിച്ച ശേഷം വൃത്തിയാക്കാത്ത അടുക്കളയിൽ നിന്നുണ്ടാക്കുന്ന ഭക്ഷണം മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും അടക്കം നിരവധിപ്പേരാണ് നിത്യേന കഴിച്ചിരുന്നത്. കടയുടമയോട് റസ്റ്റോറന്റിന്റെ മോശം അവസ്ഥയേക്കുറിച്ച് ചോദിച്ച സമയത്ത് എലികൾ വളർത്തുന്നതാണ് എന്നായിരുന്നു അലക്ഷ്യമായ മറുപടി.
ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു അടുക്കളയിൽ പാചകം ചെയ്തിരുന്നത്. ഭക്ഷണ സാംപിളുകൾ ശേഖരിച്ച അധികൃതർ കട സീൽ ചെയ്തിട്ടുണ്ട്. ശക്തമായ തുടർനടപടികളുണ്ടാവുമെന്നും അധികൃതർ വിശദമാക്കി.