
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ മാനേജ്മെൻ്റുകള്‍ക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിമർശനം.
ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപനും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ഈ തീരുമാനം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു.
ഭിന്നശേഷി അധ്യാപക സംവരണത്തില്‍ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകള്‍ക്ക് കൂടി ബാധകമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തോടായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ക്രൈസ്തവസഭയെ അനുനയിപ്പിക്കാനാണ് സർക്കാർ മുൻ നിലപാട് തിരുത്തിയതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തിലെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കുമെന്ന് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭിന്നശേഷി അധ്യാപക സംവരണത്തില്‍ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെൻുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും സർക്കാരിൻ്റെയും നിലപാട്. എന്നാല്‍ ഇപ്പോഴത്തെ നിലപാട് മാറ്റം സർക്കാരിന് വൈകി വന്ന വിവേകമാണെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രീണനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാൻ കഴിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ഷൻ വന്ന സമയത്താണ് തീരുമാനം. നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഓരോരോ കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോയി. വാർത്ത കേള്‍ക്കുന്നത് സന്തോഷമാണ്. ഭിന്നശേഷി സംവരണം സംബന്ധിച്ച് സർക്കാരിന് മുമ്ബില്‍ നിരന്തരം ആവശ്യം ഉന്നയിച്ചു. മാനേജ്മെൻ്റുകള്‍ വേണ്ടത് ചെയ്തില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയാണ് നടന്നത്? സർക്കാർ ചില കാര്യങ്ങളൊക്കെ വേഗത്തില്‍ ചെയ്യും.
കുടുംബത്തിന് നാശം ഉണ്ടാക്കുന്ന മദ്യത്തിന്റെ തീരുമാനമൊക്കെ വേഗത്തില്‍ ഉണ്ടായി. ഇവരെ ഇത്തിരി പതുക്കെ ഇട്ടേക്കാം എന്ന് കരുതിയാണോ ഭിന്നശേഷി വിഷയത്തിലെ നിലപാട് ഇപ്പോള്‍ മാറ്റിയതെന്ന് അറിയില്ല. മദ്യത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത് വേദനാജനകമായ സമീപനമാണ്. സമരം ചെയ്യാതെ തന്നെ ആ തീരുമാനം പിൻവലിക്കാനുള്ള മനസ് സർക്കാർ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും കൊല്ലം രൂപത ബിഷപ്പും ആയ പോള്‍ ആൻ്റണി മുല്ലശ്ശേരിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പുതിയ സർക്കാർ തീരുമാനത്തെ അനുകൂലിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞ കാര്യങ്ങളെ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. 22,000 അധ്യാപകരുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്ക് ബാധകമാവില്ലെന്നാണ് മന്ത്രി നേരത്തെ പലതവണ പറഞ്ഞത്. ഇപ്പോഴത്തെ നിലപാട് മാറ്റം പല സംശയങ്ങള്‍ക്കും കാരണമാകും. തിരഞ്ഞെടുപ്പിന്റെ സമയത്താണ് നിലപാട് മാറ്റിയത്. എങ്കിലും സർക്കാർ തീരുമാനം പോസിറ്റീവായി കാണുന്നു. തിരഞ്ഞെടുപ്പാണോ നിലപാട് മാറ്റത്തിന് കാരണമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



