വായിൽ കല്ല് നിറച്ച് ചുണ്ടുകൾ പശ വെച്ച് ഒട്ടിച്ച് നവജാത ശിശുവിനെ കാട്ടിൽ തള്ളിയ സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റിൽ

Spread the love

ഭിൽവാര: വായിൽ കല്ല് നിറച്ച് ചുണ്ടിൽ പശ തേച്ച് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച യുവതിയേയും സഹായിച്ച യുവതിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിനെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ അമ്മയും മുത്തച്ഛനും ചേർന്ന് ഉപേക്ഷിച്ചത്.

ചൊവ്വാഴ്ചയാണ് വനമേഖലയിൽ ആടുകളെ തീറ്റാനെത്തിയ യുവാവ് നവജാത ശിശുവിനെ കണ്ടെത്തിയത്. ചുണ്ടുകളും തുടയും പശ വച്ച് ഒട്ടിച്ച നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 22കാരിയായ യുവതിയേയും അച്ഛനേയും ചിറ്റോർഗഡ് ജില്ലയിലെ മണ്ഡൽഗാവ് എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭിൽവാര ജില്ലയിലെ ബിജോലിയയിൽ നിന്നാണ് കുട്ടിയെ കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഭിൽവാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയിൽ എൻഐസിയുവിലാണ് കുട്ടി നിലവിലുള്ളത്.

കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ആടുകളെ തീറ്റാൻ പോയ യുവാവ് കുഞ്ഞിനെ കണ്ടെത്തിയത്. സമീപ മേഖലയിലെ സിസിടിവികളിൽ നിന്നും പരിസരങ്ങളിൽ അടുത്ത കാലത്ത് നടന്ന പ്രസവങ്ങളും പൊലീസ് ഇത് സംബന്ധിയായി അന്വേഷിച്ചിരുന്നു. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവിഹിത ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഉപേക്ഷിച്ചതെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയിട്ടുള്ളത്. ഫെവി ക്വിക്ക് വച്ചായിരുന്നു കല്ലുകൾ വായിൽ വച്ച ശേഷം ചുണ്ടുകൾ ഒട്ടിച്ചത്.

സമാനമായ സംഭവം ഉത്തർ പ്രദേശിലും

ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാന സംഭവം ഉത്തർപ്രദേശിലും നടന്നിരുന്നു. ഷാജഹാൻപൂരിലെ ഗൊഹാവറിൽ ഒരടിയോളം ആഴമുള്ള കുഴിയിൽ തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. രാവിലെ നദിക്കരയിൽ നടക്കാനിറങ്ങിയ യുവാവാണ് പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത്. ജീവനോട് കുഴിച്ച് മൂടിയ നവജാത ശിശുവിന് എന്തോ ജീവികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൈകളിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.