ഭയമില്ലാത്തവരെയാണ് ഈ ജോലിക്ക് ആവശ്യം: ദേഹത്ത് കയറുന്ന ചിലന്തികളെ കൊല്ലാനും പാടില്ല: കൊന്നാല്‍ ജോലി നഷ്ടമാകും.
ഡൽഹി: ചില ജോലികള്‍ ചെയ്യാൻ നല്ല ധൈര്യം വേണം. ലോകത്തിലെ ഏറ്റവും സാഹസികമായ ചില ജോലികളെ പറ്റി നാം കേട്ടിട്ടുണ്ട്. ഉയരമുള്ള ടവറിന് മുകളിലെ ലൈറ്റ് മാറ്റുക, ഭൂഗർഭ ഖനനം തുടങ്ങിയ ഒട്ടേറെ ജോലികള്‍ വളരെ അപകടം നിറഞ്ഞതാണ്.
പഴങ്ങള്‍ ശേഖരിക്കുന്ന ജോലി ചെയ്യാൻ കുറച്ച് ധൈര്യം വേണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിശയിക്കുമോ! എന്നാല്‍ ക്രാൻബെറി പഴങ്ങള്‍ ശേഖരിക്കാൻ കുറച്ചൊന്നുമല്ല ധൈര്യം വേണ്ടത്. മലമുകളില്‍ കയറി പറിക്കുന്ന കാര്യമൊന്നുമല്ല ഈ പറയുന്നത്.
സാധാരണ പാടത്ത് വിളഞ്ഞുനില്‍ക്കുന്ന ക്രാൻബെറി പഴങ്ങള്‍ പറിച്ചെടുക്കുന്ന ജോലി ചെയ്യാൻ ചില്ലറ ധൈര്യം ഒന്നും പോരാ. അതിനൊരു കാരണമുണ്ട്…
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന പോഷകവും ആൻ്റിഓക്‌സിഡൻ്റും ഉള്ളതിനാല്‍ ക്രാൻബെറി ഒരു സൂപ്പർ പഴമായി കണക്കാക്കപ്പെടുന്നു. ക്രാൻബെറിയിലെ പോഷകങ്ങള്‍ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ചിലതരം ക്യാൻസറുകള്‍ തടയുന്നതിനും സഹായകമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ക്രാൻബെറി പഴങ്ങള്‍ക്ക് ആവശ്യക്കാർ ഏറെയുണ്ട്.
കട്ടിയുള്ള സ്പാഗ്നം മോസ്, അസിഡിറ്റി ഉള്ള വെള്ളം, സ്പോഞ്ചി പീറ്റ് എന്നിവയാല്‍ സവിശേഷമായ തണ്ണീർത്തട അന്തരീക്ഷമാണ് ക്രാൻബെറി ബോഗുകള്‍. ഈ പഴം വളരുന്ന സീസണില്‍, ചതുപ്പുനിലം വരണ്ടതായിരിക്കും. വിളവെടുപ്പ് സമയത്ത് മാത്രമാണ് കർഷകർ പാടത്ത് ചെളിവെള്ളം കയറ്റുന്നത്. ഈ നിയന്ത്രിത ജലക്കെട്ടില്‍ ക്രാൻബെറി വള്ളികള്‍ ഉയർന്നു വന്ന് കിടക്കും.
ഇത് ഈ സരസഫലങ്ങള്‍ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു. സവിശേഷമായ ചതുപ്പ് പരിസ്ഥിതിയില്‍ അസംഖ്യം ചെറിയ ജീവികളും ഉണ്ട്. പഴം ഭക്ഷിക്കാൻ എത്തുന്ന ചെറു പ്രാണികളെ ഭക്ഷിക്കുന്ന ചിലന്തികളും പാടത്ത് നിറയെ ഉണ്ട് എന്നതു തന്നെയാണ് പഴം ശേഖരിക്കാൻ ഇറങ്ങുന്നവരെ ഭയപ്പെടുത്തുന്നത്.
വലകള്‍ നെയ്ത് ഇര പിടിക്കുന്ന ചിലന്തികളില്‍ നിന്ന് വ്യത്യസ്തമായി, പാടത്ത് നിറയെയുള്ള ചെന്നായ ചിലന്തികള്‍ക്ക് സവിശേഷമായ ഒരു വേട്ടയാടല്‍ ശൈലി ഉണ്ട്. അവ ജലത്തിന്റെ ഉപരിതലത്തിനടിയില്‍ പതിയിരിക്കുന്നവയാണ്. പ്രാണികള്‍, ചെറു ജലജീവികള്‍ തുടങ്ങിയവയെ പതിയിരുന്ന് ചിലന്തികള്‍ വേട്ടയാടും.
കീടനിയന്ത്രണത്തിനായി ചിലന്തികളെ പാടത്ത് വളർത്തുന്നതാണ്. ഈ ചിലന്തികള്‍ പൊതുവെ മനുഷ്യർക്ക് നിരുപദ്രവകാരികളാണ്. ഇവയ്‌ക്ക് ശക്തമായ വിഷം ഇല്ല. എന്നാല്‍ ചിലന്തികളുടെ കടിക്ക് ചെറിയ വേദന അനുഭവപ്പെടും.
ക്രാൻബെറി പഴങ്ങള്‍ ശേഖരിക്കുമ്പോള്‍ ചെന്നായ ചിലന്തിയുടെ കടി ഉറപ്പാണ്. അതിനാല്‍ ചിലന്തികളെ ഭയമില്ലാത്തവരെയാണ് ഈ ജോലിക്ക് ആവശ്യം. ദേഹത്ത് കയറുന്ന ചിലന്തികളെ കൊല്ലാനും പാടില്ല. കൊന്നാല്‍ ജോലി നഷ്ടമാകും.