
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത് 2018ലാണ്. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിന് സുപ്രീം കോടതിയെ സമീപിച്ചത്. 2009 നവംബര്‍ ഏഴിനാണ് കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടത്. അമേരിക്കയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ ഷെറിന് ജയിലിലും നയിച്ചത് ആഡംബര ജീവിതമാണ്. 14 കൊല്ലം ശിക്ഷ പൂര്‍ത്തിയാക്കി എന്ന ന്യായത്തില്‍ ജീവപര്യന്തം ഒഴിവാക്കുന്ന ഷെറിന്റെ ഇനിയുള്ള ജീവിതവും അങ്ങനെ തന്നെ ആകാനാണ് സാധ്യത. അത്രയേറെ സൗഹൃദ കരുത്ത് ജയില്‍ ജീവിതത്തിനിടെ ഷെറിന് നേടിയിട്ടുണ്ട്.
കാരണവര്‍ കൊല കേസില്‍ ഷെറിനു പുറമേ ബാസിത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ഷെറിന് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും കാമുകനോടൊപ്പം ചേര്‍ന്ന് ആണ് കൃത്യം നിര്‍വഹിച്ചതെന്നും ഇക്കാര്യം ഷെറിന് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ചത്. 2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. 2010 ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. പിന്നീട് ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ പോയത്. അത് വെറുതെയായപ്പോള്‍ 14 വര്‍ഷമാകാന്‍ ഷെറിന് കാത്തിരുന്നു. കൃത്യം പതിനാല് വര്‍ഷമായപ്പോള്‍ ശിക്ഷാ ഇളവിന് കത്ത് നല്കി. ആദ്യ അപേക്ഷ തന്നെ അംഗീകരിക്കേണ്ടിയും വന്നു. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഷെറിന് പുറത്തിറങ്ങും. ഇടതു മുന്നണിയിലെ ഒരു ഘടകക്ഷിയിലേക്ക് പോലും ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എത്തിയിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഷെറിന്റെ മോചനത്തില്‍ അനുകൂല നിലപാടുമായി മുമ്പോട്ട് പോയി. ഗവര്‍ണ്ണര്‍ ഫയലില്‍ ഒപ്പിടും വരെ ആരും ഒന്നും അറിയാതെ നോക്കാനും ഈ ഘട്ടത്തില്‍ സര്‍ക്കാരിനായി.
ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം

Whatsapp Group 1 | Whatsapp Group 2 |Telegram Group
2009 നവംബര്‍ ഒന്‍പതിനാണ് ഭാസ്കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന് ബിനു, മരുമകള്‍ ഷെറിന് എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസില്‍ കാരണവറുടെ മരുമകളായ ഷെറിന്, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബിബീഷ്ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിന് നിലയത്തില്‍ ഉണ്ണി എന്ന നിധിന്, എറണാകുളം ഏലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികള്‍. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്.
ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത് . കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് കാരണവര്‍ സ്വത്തുക്കള്‍ നല്‍കുന്നതില്‍നിന്ന് പിന്മാറിയത്. മകന് ബിനു, മരുമകള്‍ ഷെറിന്, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന് കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു.
അമേരിക്കയില്‍ നിന്നെത്തി നാട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് കാരണവരുടെ മകന് ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തിരുന്നു. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവര്‍ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോര്‍ത്താണ്. 2001ല്‍ വിവാഹത്തെ തുടര്‍ന്ന് ഷെറിനെയും ബിനുവിനെയും കാരണവര്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഭര്‍ത്താവിന്റെ പണത്തില്‍ ധൂര്‍ത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തില്‍ തന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് മനസിലാക്കിയ കാരണവര്‍ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സൈ്വര്യവിഹാരം നഷ്ടപ്പെട്ട ഷെറിന് അസ്വസ്ഥയായി. തന്റെ ആവശ്യങ്ങള്‍ക്ക് പണ നിയന്ത്രണം വച്ചപ്പോള്‍ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തിയത്.
സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിന് നല്കിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാന്‍ സഹായകമായത്. ഷെറിന് പിടിയിലാകുമ്പോള്‍ മകള്‍ക്ക് നാലു വയസായിരുന്നു. ഇപ്പോഴവള്‍ ഷെറിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്.
ഏറ്റവുമധികം പരോള്‍ നല്കിയ പ്രതിക്ക് ജയിലിലും ആഡംബര ജീവിതം
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ഒന്നാം സ്ഥാനത്തെത്തിയതും അടുത്തിടെ ചര്‍ച്ചയായിരുന്നു. 500 ദിവസത്തില്‍ അധികം പരോള്‍ ലഭിച്ചു.
ശിക്ഷിക്കപ്പെട്ട് ആദ്യം പൂജപ്പുര ജയിലില്‍ എത്തിയ ഷെറിനെ പി്ന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അവിടെ വെയില് കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. ഇവിടേയും വിഐപി പരിഗണനയിലായിരുന്നു താമസം.
തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്കിയ ആദ്യ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. കൊടി സുനി അടക്കം ഈ പട്ടികയിലുണ്ടായിരുന്നു. ഇക്കാര്യം മറുനാടന്‍ മലയാളി വാര്‍ത്തയാക്കി. ഇതിനെ തുടര്‍ന്ന് രണ്ടാം പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജയിലില്‍ വിഐപി ജീവിതമാണ് ഷെറന്‍ നയിക്കുന്നത്. ജയില്‍ വകുപ്പും സര്‍ക്കാരും അനുവദിക്കുന്ന പരോളിനു പുറമെ അടിയന്തര പരോളുകളും കിട്ടി. തടവുകാര്‍ക്കു ജയിലില്‍ അഭിഭാഷകരെ കാണാനും എത്ര സമയം വേണമെങ്കിലും സംസാരിക്കാനും ജയില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മാത്രമല്ല അഭിഭാഷകനുമായി ഫോണിലും സംസാരിക്കാം. ഇതിനെല്ലാം അവസരമുള്ളപ്പോള്‍ ഈ ആവശ്യത്തിനു പരോള്‍ നല്‍കാനും നീക്കം നടന്നു.
നേരത്തെ ജയില്‍ എഡിജിപി ആയിരുന്ന ആര് ശ്രീലേഖയും അടിയറവു പറഞ്ഞതോടെയാണ് ഷെറിന് വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയത്. മൊബൈല്‍ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയില്‍ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ വി വല്ലിയെക്കൊണ്ട് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയിലേക്ക് തിരിച്ചെത്തിച്ചത്. ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദമാണ് ഷെറിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ ഷെറിന് പരിചാരകരായി തടവുകാര്‍ പ്രവര്‍ത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കല്‍, ഷെറിന്റെ ടേണ്‍ വരുമ്പോള്‍ സെല്ലും ടോയ്ലറ്റും വൃത്തിയാക്കല്‍, ഇതായിരുന്നു വിയ്യൂര്‍ ജയിലിലെ പരിചാരകമാരുടെ ജോലി.
വിഐപി പകിട്ടില്‍ ബ്യൂട്ടി പാര്ലര്വരെ നടത്തി ജയില്‍വാസം
കൈ കാലുകളില്‍ ക്യൂട്ടെക്സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലില്‍ നിന്നും നല്കുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ നിര്‍മ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാര്‍ കുളിക്കുമ്പോള്‍ ഷെറിന് മാത്രമായി ലെക്സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന് പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലിയും യാര്‍ഡ്ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരില്‍ ജയിലധികൃതര്‍ സംഘടിപ്പിച്ചു കൊടുത്തതെല്ലാം വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഷെറിന് വെയില് കൊള്ളാന്‍ പാടില്ലന്ന ജയില്‍ ഡോക്ടറുടെ കുറിപ്പടിയുടെ പിന്‍ബലത്തിലത്തിലായിരുന്നു ഇത്. അങ്ങനെ ഷെറിന് വേണ്ടി ജയില്‍ നിയമങ്ങള്‍ ഇഷ്ടം പോലെ മാറി.
ഷെറിന് പരോളില്‍ ഇറങ്ങുമ്പോഴൊക്കെ ജയില്‍ വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടന്നും വിവരമുണ്ട്. ജയിലിലെ സ്ഥിരം പ്രശ്നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. ഒടുവില്‍ ‘നല്ല നടപ്പ്’ തിയറിയില്‍ മോചനവും.