
ലഖ്‌നൗ: യുപിയില്‍ നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കൊല്ലപ്പെട്ട സൗരഭ് രജ്പുതിന്റെ ആറുവയസുകാരി മകള്‍ അയല്‍ക്കാരോട് ‘പപ്പ വീപ്പയ്ക്കുള്ളില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു’ എന്ന് സൗരഭിന്റെ അമ്മ രേണു ദേവി വെളിപ്പെടുത്തി. കൊലപാതകത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭങ്ങളെക്കുറിച്ചും കുട്ടിക്ക് അറിയാമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മകളുടെ ആറാം പിറന്നാള്‍ ആഘോഷിക്കാൻ സ്വന്തം നാടായ മീററ്റില്‍ എത്തിയ സൗരഭ് രജ്പുതിനെ മാർച്ച് നാലിനാണ് ഭാര്യ മുസ്കാൻ റസ്‌തോഗിയും കാമുകൻ സാഹില്‍ ശുക്ലയും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് മൂടുകയായിരുന്നു. മുസ്‌കാനും സാഹിലും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്.
‘പപ്പ വീപ്പയ്ക്കുള്ളില്‍ ഉണ്ട് എന്ന് ആറുവയസ്സുകാരിയായ മകള്‍ പറഞ്ഞതായി ചിലർ അറിയിച്ചിരുന്നു. അവള്‍ എന്തൊക്കെയോ കണ്ടിരിക്കണം. അതിനാലാണ് അവളെ അവിടെനിന്ന് മാറ്റിയത്. മുസ്കാന്റെ മാതാപിതാക്കള്‍ക്ക് കൊലപാതകത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മുസ്കാന്റെ മാതാവ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മുസ്കാനും സാഹിലിനെയും കൂടാതെ എല്ലാ കുടുംബാംഗങ്ങളേയും തൂക്കിലേറ്റണം’, രേണു ദേവി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുസ്‌കാനും സാഹിലും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും അവരുടെ കൂടിക്കാഴ്ചകള്‍ തടസ്സപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് സൗരഭിനെ കൊലപ്പെടുത്തിയതെന്നും പിതാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം സൗരഭ് തടയുമെന്ന് സാഹില്‍ ഭയപ്പെട്ടിരുന്നതായി മുസ്‌കാൻ തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി.
2019-ല്‍ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ മുസ്കൻ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.
ഫെബ്രുവരി 28നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാള്‍. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്കാനും സാഹിലും സൗരഭിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. മാർച്ച് നാലിന് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോള്‍ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളില്‍ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.