
മൈസൂരു: സർക്കാർ ധനസഹായം കിട്ടാൻ ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന് കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച ഭാര്യ പിടിയില്‍.
മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്കുള്ള സഹായം തട്ടിയെടുക്കാനാണ് കടുംകൈ.
45കാരൻ വെങ്കിട സ്വാമിയാണ് കൊല്ലപ്പെട്ടത്. ഭാര്യ സല്ലാപുരിയെ കർണ്ണാടക പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭർത്താവിനെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയെന്നും സല്ലാപുരി നാട്ടുകാരോട് പറഞ്ഞത്.
അതേദിവസം തന്നെ പ്രദേശത്ത് കടുവയെ കണ്ടതിനാല്‍ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് നാട്ടുകാർ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹമോ അതിന്റെ ഭാഗങ്ങളോ ലഭിക്കാഞ്ഞതോടെ വനം വകുപ്പിനും പൊലീസിനും സംശയം തോന്നി.
തുടർന്ന് നടത്തിയ പരിശോധനയില്‍ വെങ്കിടസ്വാമിയുടെ മൃതദേഹം വീടിന് പിന്നിലെ കുഴിയില്‍ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. വനം വകുപ്പില്‍ നിന്ന് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊന്നതെന്ന് പൊലീസ് കണ്ടെത്തി.