
കത്തോലിക്ക സഭയുടെ ഭാരതീയ ക്രൈസ്തവ സംഗമം കേരളത്തില്‍ താമര വിരിയിക്കുമോ? ക്രൈസ്തവ സഭകളുമായി കൊകോര്‍ത്ത് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള; ഗോവന്‍ മാതൃകയിലെ രാഷ്ട്രീയ സഹകരണമുണ്ടായാല്‍ നിലംപരിശാകുന്നത് കോണ്‍ഗ്രസ്; കേരളാ കോണ്‍ഗ്രസ്, സഭ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്ന് പരാതി; ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
സ്വന്തം ലേഖകന്‍
കൊച്ചി: ക്രൈസ്തവ-ന്യൂനപക്ഷ രാഷ്ട്രീയം പറയാന്‍ സഭയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഭാരതീയ ക്രൈസ്തവ സംഗമം (ബി.സി.എസ്.) സംഘടന സംഘപരിവാറിന് അനുകൂല നിലപാടുകള്‍ സ്വീകരിക്കുമെന്ന അഭ്യൂഹം ശക്തം. ഗോവന്‍ മാതൃകയിലുള്ള രാഷ്ട്രീയ സഹകരണം ഉണ്ടായാല്‍ കേരളത്തിലും താമര വിരിഞ്ഞേക്കും. സഭയുടെ പുതിയ സംഘടന കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാക്കുന്നുണ്ട്.
തങ്ങളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളാ കോണ്‍ഗ്രസിനുള്‍പ്പെടെ കഴിയുന്നില്ലെന്ന പരാതി ക്രൈസ്തവസഭാനേതൃത്വത്തിന് നേരത്തേത്തന്നെയുണ്ട്. വിവിധ മുന്നണികളിലായി ചിതറിക്കിടക്കുന്ന കേരളാ കോണ്‍ഗ്രസുകള്‍ക്ക് ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ വേണ്ടവിധം ഏറ്റെടുക്കാന്‍ കഴിയുന്നില്ല. ആ ചിന്തയില്‍നിന്നാണ് പുതിയ സംഘടന പിറവിയെടുക്കുന്നത്. കത്തോലിക്കാസഭ മുന്‍കൈയെടുത്ത് രൂപവത്കരിച്ച സംഘടനയില്‍ എല്ലാ ൈക്രസ്തവവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയ്ക്കുകീഴില്‍ രാഷ്ട്രീയനിലപാടെടുക്കുന്ന വിവിധ സംഘടനകളെ ബി.സി.എസുമായി ചേര്‍ത്തുകൊണ്ടുപോകും. ക്രൈസ്തവസമുദായത്തിന്റെ രാഷ്ട്രീയ ഐക്യമാണ് ലക്ഷ്യം. ബഫര്‍സോണ്‍, തീരദേശപരിപാലനനിയമം, കുടിയേറ്റകര്‍ഷകരുടെ പ്രശ്നങ്ങള്‍, സമുദായനേതാക്കള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ തുടങ്ങി സഭ ഉന്നയിച്ചുവരുന്ന വിവിധ വിഷയങ്ങളില്‍ ഇവര്‍ ഇടപെടും.
ബിസിഎസ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമുണ്ട്. ഗോവന്‍ മാതൃകയിലെ രാഷ്ട്രീയ സഹകരണമുണ്ടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് നിലംപരിശാകും.
ജോര്‍ജ് ജെ. മാത്യു ചെയര്‍മാനും വി.വി. അഗസ്റ്റിന്‍ ജനറല്‍ സെക്രട്ടറിയും ജോണി നെല്ലൂര്‍, പി.എം. മാത്യു, സ്റ്റീഫന്‍ മാത്യു എന്നിവര്‍ വൈസ് ചെയര്‍മാന്മാരും ആയ 51 അംഗ എക്സിക്യുട്ടീവാണ് സംഘടനയുടെ തലപ്പത്തുള്ളത്. ഇതില്‍ ജോര്‍ജ് ജെ മാത്യു ബിജെപിയുമായി അടുപ്പമുള്ള വ്യക്തിയാണ്. വിവി അഗസ്റ്റിനും ജോണി നെല്ലൂരും പിഎം മാത്യുവുമെല്ലാം കേരള രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ തേടുന്നവരാണ്. അതുകൊണ്ട് കൂടിയാണ് സംഘടന ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.