ഭാരത് ആശുപത്രിയ്ക്കായി ജില്ലാ ഭരണകൂടം കൊവിഡ് പ്രോട്ടോക്കോൾ അട്ടിമറിച്ചത് ഇങ്ങനെ: മെഡിക്കൽ കോളേജിലെ വാർഡുകൾ നിരനിരയായി അടച്ചിട്ടും ഭാരതിനു മാത്രം ‘സ്‌പെഷ്യൽ കൺസിഡറേഷൻ’; ഭാരതിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റി പ്രത്യേക പരിഗണനയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ആശുപത്രിയ്ക്കായി കൊവിഡ് പ്രോട്ടോക്കോൾ അടക്കം അട്ടിമറിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് രോഗിയായ ചിങ്ങവനം സ്വദേശിനി 22 ന് ഭാരത് ആശുപത്രിയിൽ എത്തിയിട്ടും, ആശുപത്രിയെ സംരക്ഷിക്കുന്നതിനായി  ഇവരുടെ റൂട്ട് മാപ്പ് അടക്കം  അധികൃതർ പുറത്തു വിട്ടത് ദിവസങ്ങൾക്കു ശേമാണ്. അപ്പോഴേയ്ക്കും കൊവിഡ് രോഗി , ആശുപത്രിയിലെ ഒരു ഡോക്ടറിലേയ്ക്കും നിരവധി ആളുകളിലേയ്ക്കും രോഗം പടർത്തി നൽകിയിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഭാരത് ആശുപത്രി അടയ്‌ക്കേണ്ടെന്ന നിലപാടാണ് ജില്ലാ മെഡിക്കൽ ഓഫിസ് സ്വീകരിച്ചിരിക്കുന്നത്. അങ്ങിനെയെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളുണ്ട്.. അത് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • റൂട്ട് മാപ്പിലെ അട്ടിമറി എങ്ങിനെ..?
    കൊവിഡ് ബാധിച്ച ചിങ്ങവനം സ്വദേശിയുടെ റൂട്ട് മാപ്പിൽ ഭാരത് ആശുപത്രി ഉൾപ്പെട്ടത് കൊണ്ടു മാത്രം റൂട്ട് മാപ്പ് വൈകിപ്പിച്ചത് അഞ്ചു ദിവസമാണ്. 22 ന് രോഗം സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടത് 27 ന് രാവിലെ മാത്രമാണ്. ചിങ്ങവനം സ്വദേശിയ്ക്കു രോഗം സ്ഥിരീകരിച്ച ദിവസം തന്നെ, ഭാരത് ആശുപത്രിയിൽ അണുനശീകരണം അടക്കം നടത്തിയിരുന്നെങ്കിൽ ഒരു പരിധി വരെ ആശുപത്രിയിൽ നിന്നും രോഗം പടരുന്നത്  തടയാൻ സാധിച്ചേനെ.

 

  • ഭാരതിലെ പ്രൈമറി കോൺടാക്ട് എത്ര..?
    ഭാരത് ആശുപത്രിയിൽ എത്തിയ ചിങ്ങവനം സ്വദേശിയുടെ പ്രൈമറി കോൺടാക്ടിൽ ആശുപത്രിയിലെ എത്ര പേരുണ്ടെന്നതു സംബന്ധിച്ചു ജില്ലാ ഭരണകൂടത്തിനു മൗനം. ജില്ലാ മെഡിക്കൽ ഓഫിസറോടു ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് ചോദിച്ചെങ്കിലും ശേഖരിച്ചു വരികയാണ് എന്ന മറുപടിയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് നൽകിയിരിക്കുന്നത്.
    ഭാരത് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ആരൊക്കെ എന്ന കാര്യത്തിനും കൃത്യമായ മറുപടി നൽകാൻ ജില്ലാ ഭരണകൂടത്തിനോ, ആരോഗ്യ വകുപ്പിനോ സാധിച്ചിട്ടില്ല.

 

  • എന്തിന് മെഡിക്കൽ കോളേജിലെ വാർഡ് അടച്ചു..?
    മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ സർജറി വിഭാഗത്തിലെ രണ്ടു രോഗികൾക്കു രോഗം സ്ഥിരീകരിച്ചപ്പോൾ ആശുപത്രിയിലെ ആ വാർഡ് പൂർണമായും അടച്ചു. രോഗികളിൽ പലരെയും ഡിസ്ചാർജ് ചെയ്യുകയും, വാർഡ് പൂർണമായും ആ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.
    മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയ രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ വാർഡ് തന്നെ പൂർണമായും അടച്ചു. കോട്ടയം ജനറൽ ആശുപത്രിയിലെ ഒ.പിയിൽ രണ്ട് ഗർഭിണികൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും ജീവനക്കാരും അടക്കം ക്വാറന്റയിനിൽ പോയി.
    എന്നാൽ, 22 ന് രോഗം സ്ഥിരീകരിച്ച രോഗി ഭാരത് ആശുപത്രിയിലെ ജനറൽ ഒപിയിലും, ഓർത്തോ ഒ.പിയിലും ഇൻജക്ഷൻ മുറിയിലും, ഫാർമസിയിലും, എക്‌സ് റേ മുറിയിലും അടക്കം എത്തി. എന്നാൽ, ജൂലായ് 25 ശനിയാഴ്ച ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിക്കും വരെ ജില്ലാ ഭരണകൂടവും ഭാരത് ആശുപത്രി അധികൃതരും എല്ലാം മറച്ചു വച്ചു.

 

  • തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ റോൾ എന്ത്..?
    കൊവിഡ് പ്രതിരോധത്തിൽ ഏറെ നിർണ്ണായകമായ റോളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. ഓരോ പ്രദേശത്തെയും കൊവിഡ് രോഗികളുടെ റൂട്ട്മാപ്പ് എടുക്കുന്നത് മുതൽ, പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാൽ, കോട്ടയം നഗരസഭയിൽ ഉൾപ്പെട്ട ഭാരത് ആശുപത്രിയിൽ രോഗിയും രോഗവും എത്തിയ വിവരം കോട്ടയം നഗരസഭയെ അറിയിച്ചതേയില്ല. ഏത് ആശുപത്രിയിലെ ഡോക്ടർക്കാണ് കൊവിഡ് എന്നു തേർഡ് ഐ ന്യൂസ് ലൈവ് അറിയിച്ചപ്പോൾ മാത്രമാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന പോലും അറിഞ്ഞത്.

 

  • ഒന്നുമില്ലെന്നു മറുപടി,
    എല്ലാം ഉണ്ടെന്നു വിശദീകരണം
    തിരുനക്കരയിലും പരിസരത്തും ഭാരത് ആശുപത്രി ഗ്രൂപ്പും ഇവരുടെ ശിങ്കിടികളും നടത്തിയിരുന്ന പ്രചാരണം ആശുപത്രിയിൽ ആർക്കും കൊവിഡ് ഇല്ലെന്നായിരുന്നു. എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്തയെഴുതിയതോടെ, ഇന്നലെയാണ് ഭാരത് ആശുപത്രി അധികൃതർ ഡോക്ട്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിശദീകരണക്കുറിപ്പ് എഴുതാൻ നിർബന്ധിതരായത്.