play-sharp-fill
ബെവ്‌കോ ആപ്പിന് ഗൂഗിൾ അനുമതി നൽകി: മദ്യ വിൽപ്പന ഒരു ദിവസത്തിനുള്ളിൽ; വ്യാഴാഴ്ച മുതൽ ബാറുകളും ബിവറേജുകളും തുറന്നേക്കും

ബെവ്‌കോ ആപ്പിന് ഗൂഗിൾ അനുമതി നൽകി: മദ്യ വിൽപ്പന ഒരു ദിവസത്തിനുള്ളിൽ; വ്യാഴാഴ്ച മുതൽ ബാറുകളും ബിവറേജുകളും തുറന്നേക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനം കാത്തിരുന്ന ബിവറേജസ് കോർപ്പറേഷന്റെ ബിവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം. ആപ്പിന് ഗൂഗിൾ അംഗീകാരം ലഭിച്ചതോടെ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനി സംസ്ഥാന സർക്കാരിനു വേണ്ടി ബിവറേജസ് കോർപ്പറേഷന്റെയും മദ്യവിൽപ്പനശാലകളുടെയും മുന്നിലുള്ള ക്യൂ നിയന്ത്രിക്കുന്നതിനായുള്ള ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ അംഗീകാരത്തിനായി കഴിഞ്ഞ ശനിയാഴ്ച തന്നെ ഗൂഗിളിന് അയച്ചു നൽകുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഗൂഗിൾ അനുമതി നൽകുന്നത് നീണ്ടു പോകുകയായിരുന്നു. തുടർന്നു, ചൊവ്വാഴ്ച പുലർച്ചെയോടെ ഗുഗിൾ ആപ്ലിക്കേഷന് സാങ്കേതിക അനുമതി നൽകി. ഇനി ഡേറ്റ അപ് ലോഡ് ചെയ്യുന്നതിനും, ട്രയൽ റൺ നടത്തുന്നതിനുമുള്ള സമയം മാത്രം മതിയെന്നും ഇതിനു ശേഷം ആപ്ലിക്കേഷൻ ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്നും ഫെയർകോഡ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലും ചില്ലറയായി മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയ ബാറുകളിലെയും ക്യൂ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ബെവ് ക്യൂ എന്ന പേരിൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. ഈ ആപ്ലിക്കേഷന് ഗൂഗിളിന്റെ അംഗീകാരം ലഭിക്കുന്നത് വൈകിയതോടെ സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

ഇതിനിടെ ആപ്പ് തയ്യാറാകുന്നത് വൈകിയതിനാൽ ആപ്പിന്റെ വ്യാജൻമാരും സോഷ്യൽ മീഡിയയിൽ സജീവമായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സാങ്കേതിക അനുമതിയ്ക്കായി ആപ്പ് ഗൂഗിളിനു അയച്ചു നൽകിയത്. രണ്ടു ദിവസം കാത്തിരുന്ന ശേഷം ആപ്പിന് ഗൂഗിളിന്റെ അനുമതി ചൊവ്വാഴ്ച പുലർച്ചെ ലഭിച്ചു. ബുധനാഴ്ച നടക്കുന്ന സാങ്കേതിക പരിശോധനയും ഡേറ്റാ അപ് ലോഡിനും ശേഷം വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയേക്കും.

മദ്യശാലകളിലെ ക്യൂനിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഫെയർകോഡ് എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയെ ഏൽപ്പിച്ചതിന്റെ പേരിൽ സംസ്ഥാന സർക്കാർ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു. ആപ്ലിക്കേഷൻ നിർമ്മിക്കുന്ന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിൽ അടക്കം മദ്യ ഉപഭോക്താക്കകൾ രൂക്ഷമായ വിമർശനവും പരിഹാസവും ഒരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പിന് അംഗീകാരം ലഭിച്ചിരിക്കുന്നത്.

സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ആപ്പ് ഇനി മൊബൈൽ ഫോണിന്റെ പ്ലേസ്റ്റോറിൽ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺ ലോഡ് ചെയ്ത ശേഷം ഉപയോഗിക്കാൻ സാധിക്കും. അടുത്തുള്ള ബാറുകളും മദ്യവിൽപ്പനശാലകളും തിരിച്ചറിയുന്നതിനും എസ്.എം.എസ് വഴി ക്യൂ ഉപയോഗിക്കുന്നതും സാധിക്കും. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ബാറുകളും ബിവറേജുകളും തുറക്കും.