video
play-sharp-fill

ക്രിസ്മസ് പുതുവത്സര ആഘോഷം: മലയാളി കുടിച്ചു തീർത്തത് 600 കോടി രൂപയുടെ മദ്യം; കോട്ടയം ജില്ലയിൽ ബിവറേജസ് കോർപ്പറേഷൻ വഴി മാത്രം വിറ്റത് 22 ലക്ഷത്തിന്റെ മദ്യം

ക്രിസ്മസ് പുതുവത്സര ആഘോഷം: മലയാളി കുടിച്ചു തീർത്തത് 600 കോടി രൂപയുടെ മദ്യം; കോട്ടയം ജില്ലയിൽ ബിവറേജസ് കോർപ്പറേഷൻ വഴി മാത്രം വിറ്റത് 22 ലക്ഷത്തിന്റെ മദ്യം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ മദ്യശാലകൾ വഴി ക്രിസ്മസ് പുതുവത്സരക്കാലത്ത് മലയാളി കുടിച്ചു തീർത്തത് 600 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കാണിത്. ബാറുകൾ, ബിവറേജസ്, കൺസൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവയിലെ കണക്കാണിത്.

പുതുവർഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ക്രിസ്മസിന്റെ തലേന്ന് മാത്രം 51.65 കോടിയുടെ വില്പനയാണ് ബിവറേജസിന്റെ ഔട്ട്ലെറ്റുകളിലുണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 4. 11 കോടി രൂപയുടെ അധിക വില്പനയാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്പാശേരി ഔട്ട്ലെറ്റിലാണ്, 63.28 ലക്ഷം രൂപ. ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും വെയർ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 6.88 കോടിയുടെ അധിക വില്പനയാണ് നടന്നത്.

ക്രിസ്മസ് ദിനത്തിൽ ജില്ല കുടിച്ചു തീർത്തത് 13.61 ലക്ഷം രൂപയുടെ മദ്യം. പുതുവത്സരത്തിനു ഒൻപത് ലക്ഷം രൂപയുടെ മദ്യവും ജില്ലയിൽ വിറ്റു. മുൻ വർഷങ്ങളിലെ കച്ചവടത്തിന്റെ അടുത്തെങ്ങും എത്തിയില്ലെങ്കിലും മദ്യ വിൽപ്പന കൊവിഡ് ലോക്ക് ഡൗണിനു ശേഷം വർദ്ധിക്കുന്നത് കോർപ്പറേഷന് ആശ്വാസം നൽകുന്നതാണ്.

ക്രിസ്മസിനു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നത്. ബാറുകളിൽ മദ്യപിക്കുന്നതിനു ബിവ്ക്യൂ ആപ്പ് ആവശ്യമില്ലെങ്കിലും, ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും മദ്യം വാങ്ങുന്നതിനു ഇപ്പോഴും ബിവ്ക്യൂ ആപ്പ് ആവശ്യമുണ്ട്. ബാറുകൾ തുറന്ന ആദ്യ ദിവസം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ മദ്യ വിൽപ്പന ഏഴു ലക്ഷം രൂപയിലേയ്ക്ക് എത്തിയിരുന്നു. നേരത്തെ ശരാശരി മൂന്നു ലക്ഷം രൂപയുടെ മാത്രം കച്ചവടമാണ് ദിവസവും ബിവറേജസ് കോർപ്പറേഷനിൽ നടന്നിരുന്നത്.

ലോക്ക് ഡൗണിനു മുൻപ് ശരാശരി 27 മുതൽ 30 ലക്ഷം രൂപയുടെ വരെ കച്ചവടം ദിവസവും ബിവറേജസ് കോർപ്പറേഷനിൽ നടന്നിരുന്നു. എന്നാൽ, കൊവിഡ് ലോക്ക് ഡൗണോടെയാണ് കച്ചവടം കുറഞ്ഞത്. ബിവ് ക്യൂ ആപ്പ് കൂടി എത്തിയതോടെ ബിവറേജസ് കോർപ്പറേഷനിലെ മദ്യ വിൽപ്പന ശരാശരിയിലും താഴെയായി ഇടിഞ്ഞു. ക്രിസ്മസ് കച്ചവടത്തോടെയാണ് ഇപ്പോൾ മദ്യവിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ 36 മദ്യശാലകളാണ് ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡിനുമായി ഉള്ളത്. ക്രിസ്മസിനും – പുതുവർഷത്തിനും ബാറുകളിൽ നടന്ന മദ്യ വിൽപ്പനയുടെ കണക്ക് കൂടാതെയാണ് ബിവറേജസ് കോർപ്പറേഷനിലെ കണക്ക് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.