
മദ്യശാലകളിൽ പ്രവേശനം ഒരേസമയം അഞ്ച് പേർക്ക് മാത്രം ; ഒരിക്കൽ മദ്യം വാങ്ങിയാൽ പിന്നീട് മദ്യം വാങ്ങാൻ അനുമതി നൽകുക നാല് ദിവസത്തിന് ശേഷം മാത്രം : നിയന്ത്രണങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിൽ നിന്നും ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാൻ ഒരേസമയം അഞ്ചു പേരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതിന് പുറമെ ഒരിക്കൽ മദ്യം വാങ്ങിയാൽ അതിന് ശേഷം നാലു ദിവസം കഴിഞ്ഞു മാത്രമേ വാങ്ങാൻ അനുമതി നൽകുകയുള്ളൂ.
ഇ ടോക്കൺ, എസ്എംഎസ് സംവിധാനങ്ങൾ വഴിയാണ് മദ്യശാലകളിലെ ക്യൂ നിയന്ത്രിക്കുക. സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് വഴി മദ്യം വാങ്ങാൻ ടോക്കൺ എടുക്കാൻ സാധിക്കും. അതേസമയം സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് മുഖേനെ ടോക്കൺ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോക്കണിൽ നിർദേശിക്കുന്ന സമയത്തു മദ്യവിൽപ്പന കേന്ദ്രത്തിൽ എത്തി പണമടച്ചു മദ്യം വാങ്ങാമെന്നും നിർദ്ദേശങ്ങളിലുണ്ട്. കൂടാതെ ടോക്കണിന്റെ സാധുത പരിശോധിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ മദ്യവിൽപ്പനകേന്ദ്രങ്ങളിൽ നൽകിയിട്ടുണ്ട്. ഇത് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും മദ്യം നൽകുക.
മദ്യ വിതരണത്തിനായുള്ള മൊബൈൽ ആപ്പിനു ഗൂഗിളിന്റെ അനുമതി ലഭിച്ചാലുടൻ മദ്യവിൽപ്പന പുനരാരംഭിക്കും. മദ്യം വാങ്ങാനെത്തുന്നവർ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിക്കണം.
രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് മദ്യവിൽപ്പന. ജീവനക്കാർക്ക് ഗ്ലൗസ്, മാസ്‌ക് എന്നിവ നൽകും.
കൂടാതെ മദ്യവിൽപ്പന കേന്ദ്രങ്ങളിൽ തിരക്കുണ്ടാകുന്നതു തടയാൻ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും കർശന നിർദ്ദേശമുണ്ട്. ബിവറേജസ് കോർപറേഷൻ എംഡിയുടെ ഈ നിർദേശങ്ങൾ ബാർ, ബിയർവൈൻ പാർലറുകൾക്കും ബാധകമാണ്.
മദ്യം കുപ്പിയോടെ മാത്രമേ വിൽക്കാവൂ. ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പന വില ബാറുകൾക്കും ബാധകമാണ്.