നാശം വിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; റദ്ദ് ചെയ്തത് ആയിരക്കണക്കിന് വിമാന സര്‍വ്വീസുകൾ; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ അടച്ചുപൂട്ടി; കടപുഴകി മരങ്ങള്‍ വീണ് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു; കൊടുങ്കാറ്റിൽ ഇതുവരെ മരിച്ചത് 4 പേർ; 200ല്‍ അധികം മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു

Spread the love

ലണ്ടന്‍: ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് താണ്ഡവമാരംഭിച്ചതോടെ റദ്ദ് ചെയ്തത് ആയിരക്കണക്കിന് വിമാന സര്‍വ്വീസുകൾ. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ പലതും അടച്ചു പൂട്ടുകയും ട്രെയിനുകള്‍ പലതും റദ്ദ് ചെയ്യുകയും ചെയ്തു.

കടപുഴകി മരങ്ങള്‍ വീണ് ഓവര്‍ഹെഡ് ഇലക്‌ട്രിക് വയറുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചതോടെ ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്ന ഗ്രെയ്റ്റര്‍ ആംഗ്ലിയ ഇന്നലെ ഉച്ചക്ക് ശേഷം 52 സര്‍വ്വീസുകൾ റദ്ദ് ചെയ്തു.

ട്രാവല്‍ ഡാറ്റ സൈറ്റ് ആയ ഫ്‌ലൈറ്റ് അവയറിന്റെ കണക്കുകള്‍ പ്രകാരം ഹീത്രൂവില്‍ നിന്ന് മാത്രം 200 ല്‍ ഏറെ വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടത്.പവര്‍കട്ട് പ്രശ്നങ്ങള്‍ തീര്‍ത്തതോടെ ലണ്ടന്‍ യൂസ്റ്റണിലേക്കുള്ള പ്രവേശനവും ഇന്നലെ പരിമിതപ്പെടുത്തി. ലൈറ്റുകളെയും കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളെയുമായിരുന്നു വൈദ്യുതി വിതരണത്തിലെ തടസ്സം പ്രധനമായും ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 30 മിനിറ്റ് നേരത്തേക്കാണ് സ്റ്റേഷനിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത്. ഇതോടെ കടുത്ത തണുപ്പില്‍ വിറച്ച്‌ നിരവധി യാത്രക്കാര്‍ക്ക് സ്റ്റേഷന് വെളിയില്‍ കാത്തു നില്‍ക്കേണ്ടതായി വന്നു. വൈകിട്ട് 6.40 ന് ശേഷം മാത്രമായിരുന്നു യാത്രക്കാരെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിച്ചത്.

അതിനിടയില്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ തെക്കന്‍ വെയ്ല്‍സില്‍ ഒരു 75 കാരന്‍ ഒഴുക്കില്‍ പെട്ട് മരണമടഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച കോണ്‍വി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ബ്രിയാന്‍ പെറി എന്ന 75 കാരനെ കാണാതായിരുന്നു. ഇന്നലെയായിരുന്നു ഇയാളുടെ മൃതദേഹം കണ്ടു കിട്ടിയത്. ഇതോടെ ബെര്‍ട്ട് കൊടുങ്കാറ്റിന്റെ നാലാമത്തെ ഇരയായി ഇയാള്‍ മാറി.

ഡെവണില്‍, സിഡ് നദിയില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ടതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ തിരച്ചില്‍ നടക്കുകയാണിപ്പോള്‍. ഞായറാഴ്ച്ചയിലെ പേമാരിയും ശക്തമായ കാറ്റും കാരണം ലണ്ടനിലെ ഒമ്പത് സൈറ്റുകളൂം അടയ്ക്കുവാന്‍ റോയല്‍ പാര്‍ക്ക്സും നിര്‍ബന്ധിതമായി.

പലരുടെയും യാത്രാ പരിപാടികളും റദ്ദാക്കേണ്ടി വന്നു. വെള്ളപ്പൊക്കം മൂലം പാഡിംഗ്ടണിനും കോണ്‍വെല്ലിനും ഇടയിലുള്ള ട്രെയിനുകള്‍ പലതും റദ്ദാക്കിയപ്പോള്‍, മറ്റ് ലൈനുകളിലും യാത്രയ്ക്ക് കാര്യമായ കാലതാമസം നേരിട്ടു. വെള്ളത്തിനടിയിലായ കാറുകളുടെയും, കടപുഴകി വീണ മരങ്ങളുടെയുമൊക്കെ ദൃശ്യങ്ങള്‍ ബെര്‍ട്ടിന്റെ താണ്ഡവ നൃത്തത്തിന്റെ ഭീകരത വെളിപ്പെടുത്താനായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

200 ല്‍ അധികം മുന്നറിയിപ്പുകളാണ് ഇംഗ്ലണ്ടിലും, വെയ്ല്‍സിലും സ്‌കോട്ട്‌ലാന്‍ഡിലുമായി നില്‍ക്കുന്നത്. ഹൈഡ് പാര്‍ക്കില്‍ ഇപ്പോള്‍ വിന്റര്‍ വണ്ടലാന്‍ഡ് ഈവന്റുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം ഈ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നിര്‍ത്തി വക്കുന്നതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ, കാരും മഞ്ഞും മൂലമുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഇന്നലത്തെ അതി തീവ്ര കാലാവസ്ഥയില്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.