
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂർ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ തോല്‍ക്കുമെന്ന നിരീക്ഷണവുമായി നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യു.
മണ്ഡലത്തില്‍ അൻവർ പുതിയ ആളാണെന്നും റിയാസ് ഒരുപാട് കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും മാത്രമല്ല കൃത്യമായ ഇടതുപക്ഷ അടിത്തറയുള്ള മണ്ഡലമാണ് ബേപ്പൂരെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
അൻവർ അവിടെ തികഞ്ഞ പരാജയമാവാനാണ് സാധ്യത. ഞാൻ ഒരിക്കലും മുഹമ്മദ് റിയാസിനെ സപ്പോർട്ട് ചെയ്യുകയല്ല. നമുക്ക് നോക്കിയാല്‍ കാണാം, അത് അങ്ങനെയേ സംഭവിക്കുകയുള്ളൂ. ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള ഒരു സ്ഥലമാണത്. കാരണം വികെസി മമ്മദ് കോയ നേടിയെടുത്തിട്ടുള്ള, സ്ഥിരമായി ഉറപ്പിച്ചെടുത്ത ഒരു മണ്ഡലമാണ് ബേപ്പൂർ; ജോയ് മാത്യു ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
അവിടെ പിന്നെ മുഹമ്മദ് റിയാസ് വന്നു. അദ്ദേഹത്തിന് അവിടെ വലിയ രീതിയിലുള്ള കോണ്ടാക്റ്റുകള്‍ ഉണ്ട്. അൻവർ അവിടെ പുതിയൊരു ആളാണ്. അൻവർ ചോദിച്ചു വാങ്ങിയതാണല്ലോ? അപ്പോള്‍ തന്നെ അവർ കൊടുക്കുകയും ചെയ്‌തു. അതുകൊണ്ട് മണ്ഡലത്തിലെ കാര്യങ്ങള്‍ കണ്ടറിയണം; ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കി. കൂടാതെ താൻ നിയമസഭാ സ്ഥാനാർത്ഥി ആയി വരാനുള്ള സാധ്യതകള്‍ ജോയ് മാത്യു തള്ളുകയും ചെയ്‌തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതില്‍ താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് നടൻ പറയുന്നത്. ഇടത് പക്ഷ വിരുദ്ധ പ്രചാരകനായി ഞാനുണ്ടാകും. കോണ്‍ഗ്രസിന് ഞാൻ പിന്തുണ കൊടുക്കുന്നുണ്ട്, യുഡിഎഫിന് പിന്തുണ കൊടുക്കുന്നുണ്ട്. മത്സരിക്കുമോ ഇല്ലയോ എന്നതൊന്നും ഇപ്പോള്‍ പറയാൻ പറ്റില്ല. ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ, മറ്റ് ഘടകങ്ങള്‍ എന്നിവ അനുസരിച്ചായിരിക്കും അത്; ജോയ് മാത്യു പറയുന്നു.
110 സീറ്റുകളോടെ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വരുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷയാണല്ലോ. ഒരിക്കലും അങ്ങനെയൊരു കാര്യം നടക്കാൻ സാധ്യത ഇല്ല. പൊതുവെ കാണുന്ന ഒരു ഭരണവിരുദ്ധ വികാരം വളരെ പ്രകടമാണ്. സർക്കാരിന്റെ കൊള്ളരുതായ്‌മകള്‍ ഓരോ ദിവസം കഴിയുന്തോറും, അതിപ്പോള്‍ ആരോഗ്യ രംഗത്ത് ആയാലും വിദ്യഭ്യാസ രംഗത്ത് ആയാലും തൊഴില്‍ രംഗത്ത് ആയാലും പരാജയങ്ങളാണ്; അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന പല പദ്ധതികളും, ഓരോ കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകളും അതിന്റെ വ്യത്യസ്‌തത ഒക്കെ യുഡിഎഫിന് അനുകൂലമായിട്ടുള്ള ഒരു തരംഗമാണ് കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്; ജോയ് മാത്യു കൂട്ടിച്ചേർത്തു.



