വിവരം അറിഞ്ഞിട്ടും കൊലപാതക സ്ഥലത്ത് എത്താൻ തയ്യാറായില്ല; ബേപ്പൂർ ലോഡ്ജിലെ കൊലപാതകത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ

Spread the love

കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ലോഡ്ജിലെ കൊലപാതകത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരെ ആണ് നടപടി. മെയ് 24നാണ് കൊലപാതകം നടന്നത്. എന്നാൽ സംഭവ സ്ഥലത്തിന് സമീപത്തായി ഉണ്ടായിരുന്ന പൊലീസുകാർ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്താൻ തയ്യാറായില്ല. മത്സ്യത്തൊഴിലാളിയായ സോളമനാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീസ്റ്റാര്‍ ലോഡ്ജില്‍ അനീഷ് എന്നയാള്‍ എടുത്ത വാടകമുറിയില്‍ മൂന്നുദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം സ്വദേശിയെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.