മുല്ലപ്പെരിയാര്‍ മരം മുറി കേസ്; അച്ചടക്ക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയാക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി കേസില്‍ അച്ചടക്ക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയാക്കാന്‍ ശുപാര്‍ശ.
നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇദ്ദേഹം. ഇന്ന് ചേര്‍ന്ന ഉന്നത തല യോഗമാണ് ഇദ്ദേഹത്തെ വനം വകുപ്പ് മേധാവി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലാവും സ്വീകരിക്കുക.
ഇപ്പോഴത്തെ വനം മേധാവി പി കെ കേശവന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പുതിയ മേധാവിയെ കണ്ടെത്താന്‍ ഇന്ന് ഉന്നത തല യോഗം ചേര്‍ന്നത്.
ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം വകുപ്പ് സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനം മേധാവിയെ ശുപാര്‍ശ ചെയ്തത്. പിസിസിഎഫുമാരായ ബെന്നിച്ചന്‍ തോമസ്, ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളാണ് സമിതി പരിഗണിച്ചത്.
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി ബെന്നിച്ചന്‍ തോമസിറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ അന്തര്‍ സംസ്ഥാന തര്‍ക്കം നിലനില്‍ക്കുന്ന വിഷയത്തില്‍ ഉത്തരവിറക്കിയതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥാനത്ത് നിന്ന് ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്തിരുന്നു.
എന്നാല്‍ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശവും, അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ ധാരണ പ്രകാരവുമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം. ബെന്നിച്ചന്റെ വിശദീകരണത്തെ തുടര്‍ന്ന് സസപെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും വകുപ്പ്തല അന്വേഷണം തുടര്‍ന്നു.
ഉത്തരവിറക്കിയിപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട ജാഗ്രത പാലിച്ചില്ലെന്ന് വകുപ്പ്തല അന്വേഷണം നടത്തിയ വനം പ്രിന്‍സിപ്പില്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ച മുഖ്യമന്ത്രി ബെന്നിച്ചന് മുന്നറിയിപ്പ് നല്‍കി തുടര്‍ നടപടി അവസാനിപ്പിച്ചു. നയപരമായ തീരുമാനമെടുക്കുമ്പോള്‍ ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്.