
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധം എതിർത്തതിന് മകളും നാല് സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34-കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ആത്മഹത്യയായി ചിത്രീകരിക്കാനും മകളും സുഹൃത്തുക്കളും ശ്രമിച്ചതായി സുബ്രഹ്മണ്യപുര പോലീസ് പറഞ്ഞു.
പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് പറയുന്നു. ഒക്ടോബർ 24-നായിരുന്നു സംഭവം. നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ആത്മഹത്യയായി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, നേത്രാവതിയുടെ സഹോദരി അനിതയ്ക്ക് തോന്നിയ സംശയമാണ് ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
ബന്ധുവായ 17-കാരനുമായി നേത്രാവതിയുടെ മകൾ സൗഹൃദത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ ആരുമറിയാതെ വരാറുണ്ടായിരുന്നു.
ഇതറിഞ്ഞ നേത്രാവതി ബന്ധുവായ 17-കാരനെ വഴക്കു പറയുകയും ഇനി വീട്ടിൽ വരരുതരുതെന്നു വിലക്കുകയും ചെയ്തു. എന്നാൽ, ഇതിനെച്ചൊല്ലി മകൾ അമ്മയോട് വഴക്കിട്ടിരുന്നു.
ഒക്ടോബർ 24-ന് പെൺകുട്ടി കാമുകനെ മാളിൽ വെച്ച് കണ്ടുമുട്ടി. അമ്മ നേരത്തെ ഉറങ്ങുമെന്ന് പറഞ്ഞ് പെൺകുട്ടി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ഒക്ടോബർ 25-ന് രാത്രിയിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തും മറ്റു മൂന്നുപേരും വീണ്ടും നേത്രാവതിയുടെ വീട്ടിലെത്തി.
ഉറക്കത്തിലായിരുന്ന നേത്രാവതി ഉണർന്നപ്പോൾ ഇവരെ കണ്ടു. തുടർന്ന് വഴക്കു പറയുകയും പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. സംഭവശേഷം വീട് പൂട്ടി പെൺകുട്ടി ഇവർക്കൊപ്പം രക്ഷപ്പെട്ടു.
ഞായറാഴ്ച നേത്രാവതിയുടെ ആൺസുഹൃത്ത് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് പൂട്ടിക്കിടക്കുകയും ഫോൺ ഓഫായിക്കിടക്കുന്നതും കണ്ട് ഇയാൾ തിരികെ പോയി. പിന്നീട് തിങ്കളാഴ്ച വീണ്ടും തിരിച്ചെത്തി. നേത്രാവതിയുടെ സഹോദരി അനിതയും കൂടെ ഉണ്ടായിരുന്നു. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ആത്മഹത്യ ആണെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. നേത്രാവതിയുടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് കേസും രജിസ്റ്റർ ചെയ്തു. ഒക്ടോബർ 30-ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ തിരിച്ചെത്തി.
അസ്വാഭാവികമായുള്ള പെരുമാറ്റം കണ്ട് പെൺകുട്ടിയെ ബന്ധു ചോദ്യംചെയ്തു. തുടർന്ന് പെൺകുട്ടി എല്ലാം സമ്മതിക്കുകയായിരുന്നു. സുഹൃത്തുക്കൾ അമ്മയെ കൊലപ്പെടുത്തിയതാണെന്നും മിണ്ടാതിരിക്കാനായി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.
ഏഴാം ക്ലാസുകാരനുൾപ്പെടെയുള്ള അഞ്ചുപേരാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 13-കാരനൊഴികെ ബാക്കിയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
മൂന്ന് ദിവസം പെൺകുട്ടി മറ്റൊരു പെൺസുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. അമ്മ പുറത്താക്കി എന്നായിരുന്നു പറഞ്ഞത്. എന്നാൽ, സംശയത്തെത്തുടർന്ന് അവിടെനിന്ന് പെൺകുട്ടിയെ ഇറക്കിവിട്ടതായി പോലീസ് പറയുന്നു. തുടന്നാണ് മുത്തശ്ശിയുടെ അടുത്തേക്ക് പെൺകുട്ടി എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.



