
പത്ത് കോടി രൂപ വൈദ്യുതി കുടിശിക വരുത്തിയതിന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ നോട്ടീസ്; കോടികളുടെ വരുമാന നഷ്ടത്തിന് വഴിവച്ചത് ബോര്‍ഡിലെ ഉന്നതരുടെ ഒത്തുകളി; അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സ്വന്തം ലേഖകന്‍
തിരുവല്ല: പത്ത് കോടി രൂപ കുടിശിക വരുത്തിയതിന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ നോട്ടീസ്. എക്‌സ്ട്രാ ഹൈടെന്‍ഷന്‍ കണക്ഷന്‍ ആണ് ബിലിവേഴ്‌സ് ആശുപത്രിയിലേക്ക് വൈദ്യുതി ബോര്‍ഡ് നല്‍കിയിരിക്കുന്നത്. വൈദ്യുതി ഭവന്‍ ആസ്ഥാനത്ത് ട്രാന്‍സ്മിഷന്‍ ചുമതലയുള്ള ചീഫ് എന്‍ജിനീയറാണ് ഉയര്‍ന്ന ശ്രേണിയിലുള്ള ഈ കണക്ഷന്‍ ബിലീവേഴ്‌സ് ആശുപത്രിക്ക് അനുവദിച്ചത്. എന്നാല്‍ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍പ്പെട്ട താരിഫ് ആണ് ആശുപത്രിയുടെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇങ്ങനെ താരിഫ് രേഖപ്പെടുത്തിയതിലെ പിഴവുമൂലം ഒമ്പത് കോടി തൊണ്ണൂറു ലക്ഷത്തി എഴുപത്തിനാലായിരത്തി നാനൂറ്റി നാല്‍പത്തിയഞ്ച് രൂപയുടെ കുറവ് കണ്ടെത്തിയതിനാലാണ് കെഎസ്ഇബി ഷോര്‍ട്ട് അസസ്‌മെന്റ് ബില്ല് ആശുപത്രിക്ക് അയച്ചത്. നഷ്ടത്തിലോടുന്ന കെഎസ്ഇബിക്ക് കോടികളുടെ വരുമാന നഷ്ടത്തിന് വഴിവച്ചത് ബോര്‍ഡിലെ ഉന്നതരുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമായതോടെ വീഴ്ച വരുത്തിയവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിനുശേഷം നടപടി എടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിന്മേല്‍ തീര്‍പ്പുണ്ടാകുന്നതു വരെ ബില്ല് അടയ്ക്കുകയോ, കുടിശിക ഇനത്തില്‍ ബോര്‍ഡിന് പണം നല്‍കുകയോ വേണ്ട എന്ന തീരുമാനത്തിലാണ് ഇവര്‍.