ആശുപത്രികളിലും ഓഫീസുകളിലും എത്തുന്നവരോട് മാന്യമായി പെരുമാറണം; ഫോണിൽ സംസാരിക്കുമ്പോഴും മാന്യതയോടെ ഇടപെടണം; ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന നിർദേശം

Spread the love

എടപ്പാൾ: വിവിധ ആവശ്യങ്ങൾക്കായി ആശുപത്രികളിലും ഓഫീസുകളിലുമെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് കർശന നിർദേശം.

video
play-sharp-fill

അടുത്തിടെ കോഴിക്കോടുള്ള ഒരു സർക്കാർ ആശുപത്രിയിലെത്തിയ ജനപ്രതിനിധിയോട് ജീവനക്കാർ മോശമായി പെരുമാറിയ സംഭവം വലിയ വിവാദമാകുകയും സർക്കാർ തലത്തിൽ ചർച്ചയാകുകയും ചെയ്തിരുന്നു. പല ആശുപത്രികളിലും ചികിത്സയ്‌ക്കെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നുവെന്ന പരാതിയുണ്ട്. ഇക്കാര്യം അന്വേഷിച്ച വിജിലൻസ് വിഭാഗം നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് അടിയന്തര സർക്കുലർ ഇറങ്ങിയത്.

ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരം ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗത്തിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ എല്ലാ സ്ഥാപനമേധാവികൾക്കും ഇതുസംബന്ധിച്ചുള്ള സർക്കുലർ അയച്ചു.
നിർധനരായാലും മറ്റു വിഭാഗക്കാരായാലും സർക്കാർ ആശുപത്രികളിലെത്തുന്നവരെ മോശക്കാരായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല. ആശുപത്രിയും ആരോഗ്യസ്ഥാപനങ്ങളും സന്ദർശിക്കുന്ന ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ വകുപ്പുകൾക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലുമെത്തുന്നവരോടും മാന്യമായി പെരുമാറണമെന്ന നിർദേശം പൊതുവായി നിലവിലുള്ളതാണ്. ഇത് ആരോഗ്യവകുപ്പ് ജീവനക്കാർക്കും ബാധകമാണെന്നും ഡയറക്ടർ ഓർമ്മപ്പെടുത്തുന്നു.

ഫോണിൽ സംസാരിക്കുമ്പോഴും മാന്യതയോടെ ഇടപെടണം. മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കാനും സർക്കുലർ നിർദേശിക്കുന്നു.