
സ്വന്തം ലേഖിക
സിങ്കപ്പൂർ: ബിയർ നിർമാണത്തിൽ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു കമ്പനി. കുടിക്കുമ്പോൾ പ്രത്യേകിച്ച് ഒരു രുചിവ്യത്യാസവുമില്ലെങ്കിലും ബിയർ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ മൂത്രവും ഉൾപ്പെട്ടിരിക്കുന്നു. ന്യുബ്ര്യൂ എന്ന ബ്രാൻഡിലാണ് പരീക്ഷണം. മലിനജലത്തിൽ നിന്നും മൂത്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ശുദ്ധജലബ്രാൻഡായ നെവാട്ടർ ഉപയോഗിച്ചാണ് ബിയർ നിർമിക്കുന്നത്. ന്യൂബ്രയൂവിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്.
കുടിവെള്ളമായും ബിയർ നിർമാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളിൽ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാൻഡാണ് നെവാട്ടർ. ഏപ്രിൽ എട്ടിനാണ് ബിയർ അവതരിപ്പിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തരം ഒരു നിർമാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താൻ ഇത്തരം സംരംഭങ്ങൾ സഹായകമാകുമെന്നാണ് രാജ്യത്തെ ജലസേചന വകുപ്പും കരുതുന്നത്. മലിന ജലത്തെ ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്ന കമ്പനികൾ സിങ്കപ്പൂരിൽ വേറെയും പ്രവർത്തിക്കുന്നുണ്ട്.