
സ്വന്തം ലേഖിക
തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയതാരെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
മയക്കുമരുന്ന് കേസില്‍ കുരുക്കി ജയിലില്‍ അടച്ചതിനു പിന്നില്‍ അടുത്ത ബന്ധുവും ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി മൊഴി നല്‍കിയിരുന്നു, യുവതിക്കായി എറണാകുളം എക്‌സൈസ് ക്രൈംബ്രാഞ്ച് തെരച്ചില്‍ തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷീലയുടെ പരിയാരത്തെ വീട്ടില്‍ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുൻപും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും ഷീല മൊഴിയില്‍ പറയുന്നു.
അതേസമയം, താൻപുറത്തുപോയി വില്പന നടത്തിയെന്ന് വ്യാജറിപ്പോര്‍ട്ട് ചമച്ചാണ് എക്സൈസ് ജയിലിലടച്ചതെന്ന് ഷീല പറഞ്ഞു. എക്സൈസ് സംഘം വരുമ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വന്നപാടെ അവര്‍ ബാഗെടുത്തു.
രണ്ട് അറകളിലൊന്ന് ബ്‌ളേഡ് കൊണ്ടോ മറ്റോ കീറിയിരുന്നത് അവര്‍ കാട്ടിത്തന്നു. അതിനുള്ളില്‍ നിന്ന് അവര്‍ എടുത്ത ചെറിയ പൊതിയിലായിരുന്നു സ്റ്റാമ്പ്. അതുകണ്ട് സ്തംഭിച്ചുപോയി. തുടര്‍ന്നാണ് സ്‌കൂട്ടറില്‍ ഇൻഷ്വറൻസ് പേപ്പറുകള്‍ വയ്ക്കുന്ന കവറില്‍ നിന്നും സ്റ്റാമ്പെടുത്തത്.
മൊത്തം12 സ്റ്റാമ്പുകളാണ് (0.160 ഗ്രാം) കണ്ടെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷമാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. 72 ദിവസമാണ് ജയിലില്‍ കിടന്നത്.എല്‍.എസ്.ഡി സ്റ്റാമ്പല്ലെന്ന് ലാബ് റിപ്പോര്‍ട്ട് വന്നതിനുശേഷം മേയ് 10നാണ് ജയില്‍ മോചിതയായത്. മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണ് ഷീല.