
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ഡി.ജെ.എസ് അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും സ്വാഗതം ചെയ്ത് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.
നാസർ. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസ് അണികളിലും നേതാക്കളിലും ശക്തമാകുന്നതിനിടെയാണ് ബി.ഡി.ജെ.എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നേതാവ് രംഗത്തെത്തിയത്.
അതേസമയം, എൻഡിഎ സഖ്യത്തില്‍ നിന്നും പിന്മാറുന്ന കാര്യത്തില്‍ ബി.ഡി.ജെ.എസ് ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല.
പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടതെന്ന് ആർ നാസർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മുന്നാക്കക്കാർക്കും പ്രാധാന്യം നല്‍കുന്ന എൻ.ഡി.എ.യില്‍ അവർക്കു നീതി കിട്ടുന്നില്ല.
മുന്നാക്കക്കാരുടെ അടിമകളായി മാറ്റാനാണു നോക്കിയത്. ബി.ഡി.ജെ.എസ്. സ്ഥാനാർഥികള്‍ക്കു സവർണരായ ബി.ജെ.പിക്കാർ വോട്ടുപോലും ചെയ്തില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായി. ഈ സാഹചര്യത്തില്‍ പ്രവർത്തകരെ സി.പി.എമ്മിലും ഇടതുപക്ഷത്തും ചേർന്നു പ്രവർത്തിക്കാൻ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല എന്നാണ് ബി.ഡി.ജെ.എസ് നേതൃത്വം വ്യക്തമാക്കുന്നത്. ബി.ഡി.ജെ.എസ് നിലവില്‍ എൻ.ഡി.എ.യുടെ ഭാഗമാണെന്നും മുന്നണി വിടുന്ന കാര്യം ചർച്ചചെയ്തിട്ടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പറഞ്ഞു.
മുന്നണിയില്‍ തുടരുന്നതിനോടു യോജിപ്പും വിയോജിപ്പുമുണ്ട്. ഇതിനർഥം മുന്നണി വിടുകയെന്നതല്ല. പാർട്ടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറ്റു മുന്നണികളില്‍ നിന്നു മാറ്റങ്ങള്‍ക്കായി സമീപിക്കുന്നുണ്ട്. എന്നാല്‍, ബി.ഡി.ജെ.എസ് നേതൃത്വം ഇതു സംബന്ധിച്ച ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു



