ബിബിസി ഡോക്യമെന്ററി പ്രദര്‍ശനം;  കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോടും  സംഘര്‍ഷം; പൊലീസും  പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

ബിബിസി ഡോക്യമെന്ററി പ്രദര്‍ശനം; കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോടും സംഘര്‍ഷം; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാദ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പ്രദര്‍ശനം പലയിടത്തും സംഘര്‍ഷത്തിന് വഴിവെച്ചു.

കോഴിക്കോട് ഫ്രറ്റേണിറ്റി നടത്തിയ പരിപാടി കോഴിക്കോട് ബീച്ചിലും കോട്ടയം ജില്ലയിലെ വൈക്കത്ത് ഡിവൈഎഫ്‌ഐ നടത്തിയ പരിപാടിയും തിരുവനന്തപുരം വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിയും സംഘര്‍ഷത്തില്‍ കലാശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ വൈക്കത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി പ്രവര്‍ത്തനം നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ പ്രദര്‍ശനം തടയാന്‍ ശ്രമമുണ്ടായി. ബിജെപി പ്രവര്‍ത്തകരാണ് പ്രദര്‍ശനം തടയാനെത്തിയത്.

എന്നാല്‍ പരിപാടിക്ക് പൊലീസ് സുരക്ഷയുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തിരുവനന്തപുരം വെള്ളായണി ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണ് ബിബിബി ഡോക്യൂമെന്ററി പ്രദര്‍ശനം ഉണ്ടായിരുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഇവിടേക്ക് പ്രതിഷേധവുമായി വന്നത്. പൊലീസ് ഇവിടെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടിരുന്നു.

പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പോലീസ് യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.

അതിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനായിരുന്നു ശ്രമം. തുടര്‍ന്ന് പൊലീസും യുവമോര്‍ച്ചാ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കോഴിക്കോട് ബീച്ചിലാണ് ഫ്രറ്റേര്‍ണിറ്റി പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ പൊലീസ് അനുമതി വാങ്ങിയിരുന്നില്ല. പൊതുസ്ഥലമായതിനാലാണ് അനുമതി നല്‍കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പരിപാടി നടത്തുമെന്ന് പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായി സംഘാടകരെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇവര്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.