
കോട്ടയം: എല്ലാ ദിവസവും കുളിക്കുന്നത് ഒരു വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ ചുമ്മാ കുളിച്ചാല്‍ പോരാ, കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
കാരണം കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം മുതല്‍ തോർത്ത് വരെ ശരീരത്തെ സ്വാധീനിക്കുന്നുണ്ട്. ചർമ സംരക്ഷണം ഉറപ്പാക്കാൻ കുളിക്കുമ്പോള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
മണിക്കൂറുകളോളം സമയം എടുത്ത് കുളിക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. കുളിക്കാൻ കൂടുതല്‍ സമയം എടുക്കുന്നതിലൂടെ കൂടുതല്‍ നന്നായി ശരീരം വൃത്തിയാക്കാനാകുമെന്ന ധാരണയാണ് അവർക്കുള്ളത്. എന്നാല്‍ ഇത്തരത്തില്‍ അധികനേരം വെള്ളവുമായി ചർമം സമ്പർക്കത്തില്‍ ഏർപ്പെടുന്നതിലൂടെ സ്വാഭാവിക എണ്ണ നഷ്ടപ്പെടാൻ കാരണമാകും. ചർമം സെൻസിറ്റീവായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണം ദീർഘനേരമുള്ള കുളി തന്നെയാണ്. അതിനാല്‍ ഷവർ സമയം പരിമിതപ്പെടുത്താൻ ശ്രമിക്കുക. ഒരു ദിവസം ഒന്നിലധികം തവണ കുളിക്കുന്നതും ചർമ്മത്തിന് പൊതുവെ നല്ലതല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്ക ബോഡി സോപ്പുകളിലും ബോഡി വാഷുകളിലും സള്‍ഫേറ്റുകള്‍, ശക്തമായ ഡിറ്റർജന്റുകള്‍, കനത്ത സുഗന്ധദ്രവ്യങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ അഴുക്ക് മാത്രമല്ല നിങ്ങളുടെ സ്വാഭാവിക ചർമ ഘടനയെയും ഈർപ്പത്തെയും ബാധിക്കുന്നു. ചർമത്തില്‍ ചൊറിച്ചില്‍, വരള്‍ച്ച എന്നിവ ഉണ്ടാകും. അതിനാല്‍ രാസവസ്തുക്കള്‍ കുറഞ്ഞ സോപ്പ് തിരഞ്ഞെടുക്കുക.
ദിവസവും തോർത്തലക്കുന്നവരും ആഴ്ചയില്‍ ഒരിക്കല്‍ തോർത്ത് കഴുകുന്നവരുമുണ്ട്. വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാല്‍ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂവെന്നാണ് കൃത്യമായ കണക്കായി വിദഗ്ധർ പറയുന്നു.
വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാല്‍ ചർമത്തിലേക്ക് അഴുക്കും നേർത്ത പൊടിയും വീണ്ടും എത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തോർത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോള്‍ ചർമത്തില്‍ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീരിയയെയും അതില്‍ നിക്ഷേപിക്കുന്നു. കണ്ണില്‍ കണ്ടതെല്ലാമെടുത്ത് ശരീരം തോർത്തരുതെന്നും ഡോക്ടർമാർ പറയുന്നു.