കളിക്കുന്നതിനിടയിൽ ഒരു വയസുകാരിയുടെ തൊണ്ടയിൽ കല്ല് കുടുങ്ങി; ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്ക് പോയ കുഞ്ഞിന് രക്ഷകനായത് ബൈക്കിലെത്തിയ യുവാവ്; കുഞ്ഞിനെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും

കളിക്കുന്നതിനിടയിൽ ഒരു വയസുകാരിയുടെ തൊണ്ടയിൽ കല്ല് കുടുങ്ങി; ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്ക് പോയ കുഞ്ഞിന് രക്ഷകനായത് ബൈക്കിലെത്തിയ യുവാവ്; കുഞ്ഞിനെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും

 

സ്വന്തം ലേഖകൻ

ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ല് കുടുങ്ങി അബോധാവസ്ഥയിലേക്ക് വീഴാൻ തുടങ്ങിയ ഒരു വയസുകാരിയെ രക്ഷിച്ച് യുവാവ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രനൂപാണ് ഒരു വയസുകാരിയുടെ ജീവൻ രക്ഷിച്ചത്. അമ്പുകുത്തിയിലാണ് സംഭവം.

മുറ്റത്ത് കളിക്കുന്നതിനിടെയാണ് ഒരു വയസുകാരി ആയിഷ സെൻഹ അബദ്ധത്തിൽ കല്ല് വായിലിട്ടത്. കുട്ടിയുടെ തൊണ്ടയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധിച്ച മാതാവ് ഷഹാമത്ത് ഉടൻ തന്നെ കുട്ടിയെയും എടുത്ത് ഓടി.

കയ്യിട്ട് കല്ലെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയുടെ ശബ്ദം നേർത്ത് വന്നതോടെ അലറി വിളിച്ച് റോഡിലേക്കിറങ്ങി. ഇത് കണ്ട ഒരു ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി സഹായത്തിനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രനൂപ് കുട്ടിയെ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടിയതോടെ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു.

തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് തള്ളി വന്നിരുന്നു. കണ്ണിന് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇന്നു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു.