നട്ടാൽകുരുക്കാത്ത നുണയെഴുതി മലയാള മനോരമ: ലേഖകന്റെ ഭാവനാ വിലാസം തട്ടിക്കൂട്ടി വാർത്തയാക്കി; ഇല്ലാത്ത രണ്ടു ലോഡിൽ ‘കയ്യിട്ടുവാരി’ മനോരമ വാർത്ത; എല്ലാം കള്ളമെന്ന് വെളിപ്പെടുത്തി ജില്ലാ കളക്ടർ; അഹോരാത്രം പണിയെടുക്കുന്ന ജീവനക്കാരെ അപമാനിച്ച് മലയാള മനോരമ: മനോരമയുടെ ലക്ഷ്യം ദുരിതാശ്വാസ പ്രവർത്തനത്തെ തകർക്കൽ..!
സ്വന്തം ലേഖകൻ
കോട്ടയം: നട്ടാൽകുരുക്കാത്ത നുണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ പ്രചരിപ്പിച്ച് കയ്യടി വാങ്ങാൻ മലയാള മനോരമ ലേഖകന്റെ ഭാവനാ സൃഷ് ട്ടി. ഇല്ലാത്ത രണ്ട് ലോഡ് സാധനങ്ങളിൽ ദുരിതാശ്വാസത്തിന്റെ മറവിൽ കയ്യിട്ടുവാരിയെന്ന വമ്പൻ വാർത്തയാണ് തിങ്കളാഴ്ചത്തെ ഹർത്താൽ ദിനത്തിൽ മൂന്നാം പേജിൽ മലയാള മനോരമ അച്ച് നിരത്തിയിരിക്കുന്നത്. ഒരു മാസത്തോളമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തിറങ്ങിയ ജീവനക്കാരെയാണ് മലയാള മനോരമ ഒരൊറ്റ രാത്രികൊണ്ട് കള്ളൻമാരാക്കിയത്. മോഷണം തടയാൻ ബസേലിയസ് കോളേജിലെ കളക്ഷൻ സെന്ററിൽ സിസിടിവി ക്യാമറ സ്ഥാപിച്ചെന്നു പോലും ഭാവനാ വിലാസത്തിലൂടെ ലേഖകൻ തട്ടിവിട്ടു.
തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങിയ മലയാള മനോരമയുടെ കോട്ടയം എഡിഷന്റെ മൂന്നാം പേജിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ തട്ടിപ്പ് നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ – ദുരിതാശ്വാസത്തിലും കയ്യിട്ടുവാരി; രണ്ടു ലോഡ് കാണാനില്ല – എന്ന ഉദ്വേഗ ജനകമായ തലക്കെട്ടുമായി മലയാള മനോരമ വാർത്തയെഴുതിയത്. റവന്യു വകുപ്പ് എത്തിച്ച രണ്ട് ലോഡ് ഭക്ഷ്യവസ്തുക്കളാണ് കാണാതായതെന്നും, ഇത് റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗോഡൗണിലേയ്ക്കു കയറ്റിയ ശേഷമാണ് കാണാതായതെന്നും വെളിപ്പെടുത്തിയാണ് മലയാള മനോരമ ലേഖകൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സൂക്ഷിക്കാൻ ഏൽപ്പിച്ച രണ്ടു ലോഡ് പക്ഷേ, പിന്നീട് കാണാതായെന്നും ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചതായും മലയാള മനോരമ അച്ചു നിരത്തുന്നു. ഇതേ തുടർന്നു സാധനങ്ങൾ എത്തിക്കുന്ന ക്യാമ്പിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായാണ് മനോരമയുടെ റിപ്പോർട്ട്.
എന്നാൽ, മലയാള മനോരമയുടെ വാർത്ത പ്രകാരം സാധനങ്ങൾ നഷ്ടമായിട്ടുണ്ടെങ്കിൽ ഇത് എടുത്തിരിക്കുന്നത് ഇവിടെ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. നിലവിൽ ബസേലിയസ് കോളേജിൽ ജോലി ചെയ്യുന്നത് ഇരുപതോളം സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവരാകട്ടെ ആത്മാർത്ഥമായും സത്യസന്ധമായും കഴിഞ്ഞ പ്രളയകാലം മുതൽ ഇവിടെ ജോലി ചെയ്യുന്നവരുമാണ്. പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ നേരത്തെ എത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ രണ്ട് ലോഡ് സാധനങ്ങൾ കാണാതായതായി മനോരമ എഴുതിപ്പിടിപ്പിക്കുമ്പോൾ സംശയത്തിന്റെ നിഴലിലാകുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരാണ്. ദിവസങ്ങളോളം ഇവർ ഒഴുക്കിയ വിയർപ്പാണ് മനോരമയുടെ ഒറ്റ വാർത്തയോടെ ഇല്ലാതാകുന്നത്. സാധനങ്ങൾ കാണാനില്ലെന്ന് തെറ്റിധാരണ പടർത്തുന്ന രീതിയിൽ വാർത്ത എഴുതിയ മലയാള മനോരമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇതിനിടെ മലയാള മനോരമയുടെ വാർത്തയിൽ പറയുന്ന രണ്ട് ലോഡ് സാധനങ്ങൾ രണ്ട് സന്നദ്ധ സംഘടനകൾ വഴി ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തിരുന്നതായി റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോട് വെളിപ്പെടുത്തി. സാധനങ്ങൾ കാണാതായത് സംബന്ധിച്ചു നിലവിൽ യാതൊരു വിധ അന്വേഷണവും നടക്കുന്നില്ല. കൃത്യമായ കണക്ക് രേഖപ്പെടുത്തിയതിനു ശേഷംമാത്രമാണ് ഓരോ സാധനങ്ങളും തരം തിരിക്കുന്നതും. അല്ലാതെ ഇവിടെ യാതൊരു വിധത്തിലുമുള്ള ക്രമക്കേടുകളും നടന്നിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാധനങ്ങൾ കൃത്യമായി കണക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബസേലിയസ് കോളേജിൽ ക്യാമ്പ് ആരംഭിച്ചപ്പോൾ മുതൽ തന്നെ ബസേലിയസ് കോളേജിലെ സി.സിടിവി ക്യാമറ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം ഉണ്ടായ ശേഷമല്ല ഇവിടെ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാള മനോരമയുടെ നുണപ്രചാരണത്തിനു അർത്ഥിമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് എത്തിച്ചിട്ടുള്ള സാധനങ്ങളുടെ വിതരണത്തിൽ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടർ ബി.എസ് തിരുമേനി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. സാധനങ്ങൾ കൃത്യമായി കണക്ക് രേഖപ്പെടുത്തിയാണ് ക്യാമ്പുകളിലും വീടുകളിലും ആളുകൾക്കും വിതരണം ചെയ്യുന്നത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.