
140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് തരണം; പറ്റില്ലെന്ന് ജീവനക്കാർ; പ്രകോപിതരായ അക്രമി സംഘം ബാര്‍ അടിച്ചു തകര്‍ത്തു; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൃശൂര്‍: മദ്യം വില കുറച്ച് നല്‍കാത്തതില്‍ പ്രകോപിതരായ അക്രമി സംഘം ബാര്‍ അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് സംഭവം. ഇരുമ്പുവടിയുമായി എത്തിയ നാലംഗ സംഘമാണ് ബാര്‍ അടിച്ചുതകര്‍ത്തത്. മദ്യം വില കുറച്ച് നല്‍കണം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് തരണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വില കുറച്ച് നല്‍കാന്‍ കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരുമായി വഴക്കിട്ട ശേഷം മടങ്ങിപ്പോയ സംഘം, ഇരുമ്പുവടികളുമായി തിരികെയെത്തിയ ശേഷം ബാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.