play-sharp-fill
ബാർ നർത്തകിയുടെ പീഡന പരാതി: എഫ്.ഐ.ആർ റദ്ദ് ചെയ്യാൻ ബിനോയ് കോടതിയിലേയ്ക്ക്; തല്കാലം ഡി.എൻ.എ പരിശോധനയ്ക്ക് രക്തം നൽകാൻ തയ്യാറാകില്ല; എഫ്.ഐ.ആർ റദ്ദാക്കി കുരുക്കിൽ നിന്ന് തലയൂരാൻ ബിനോയിയുടെ ശ്രമം

ബാർ നർത്തകിയുടെ പീഡന പരാതി: എഫ്.ഐ.ആർ റദ്ദ് ചെയ്യാൻ ബിനോയ് കോടതിയിലേയ്ക്ക്; തല്കാലം ഡി.എൻ.എ പരിശോധനയ്ക്ക് രക്തം നൽകാൻ തയ്യാറാകില്ല; എഫ്.ഐ.ആർ റദ്ദാക്കി കുരുക്കിൽ നിന്ന് തലയൂരാൻ ബിനോയിയുടെ ശ്രമം

സ്വന്തം ലേഖകൻ

മുംബൈ: ബാർ നർത്തകി നൽകിയ പീഡന പരാതിയിൽ ഡി.എൻ.എ പരിശോധനയിൽ നിന്നും ഒഴിവാകാൻ പതിനെട്ടാമത്തെ അടവും പയറ്റി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരി. കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കൊടിയേരി മുംബൈ കോടതിയെ സമീപിച്ചു. കേസിൽ എഫ്.ഐ.ആർ റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചതോടെ, ഇനി കേസിൽ ഡി.എൻ.എ പരിശോധനയുമായി സഹകരിക്കേണ്ടെന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എഫ്.ഐ.ആർ റദ്ദാകാക്കാൻ നൽകിയ ഹർജിയിൽ വിധി വരും വരെ ഡി.എൻ.എ പരിശോധനയ്ക്കായി രക്ത സാമ്പിൾ നൽകില്ലെന്ന് ബിനോയ് കൊടിയേരി നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ബീഹാർ സ്വദേശിയായ ബാർ നർത്തകി ബിനോയ് കൊടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ്‌ക്കെതിരെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ കോടതിയിൽ നിന്നും ബിനോയ് മുൻകൂർ ജാമ്യം എടുത്തിരുന്നു. ഗുരുതരമായ ക്രിമിനൽകേസിൽ കോടതി ബിനോയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ബിനോയ്ക്ക് അറസ്റ്റും ജയിൽവാസവും ഒഴിവാക്കാൻ സാധിച്ചിരുന്നു.
കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതിന്റെ ബലത്തിലാണ് ഇപ്പോൾ ബിനോയ് എഫ്.ഐ.ആർ റദ്ദ് ചെയ്യാൻ മുംബൈ ഹൈക്കോടതിയെ തന്നെ സമീപിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കേസിൽ തെളിവില്ലാത്തതിനാലാണ് കോടതി തനിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നാണ് ബിനോയിയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ കേസിൽ വിശദമായി വാദം കേട്ടാൽ കേസ് തന്നെ തള്ളിക്കളയുമെന്നും ബിനോയിയും സംഘവും വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ഹൈക്കോടതിയെ ബിനോയ് ഇപ്പോൾ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹരജി മുംബൈ ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ബിനോയിക്കെതിരേ യുവതി മുംബൈ ഒഷിവാര പോലിസ് സ്റ്റേഷനിലാണ് പരാതി നൽകിയിരുന്നത്.
നിലവിൽ ബിനോയ് പോലിസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു.
മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിൾ എടുക്കാനാണ് മുംബൈ പോലിസിന്റെ തീരുമാനം. എന്നാൽ ഡിഎൻഎ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹർജി നൽകിയിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിൾ കൈമാറേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കൽ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു.